ബെംഗളൂരു: പാർക്കുകള്‍ക്ക് സമീപം കാറുകളില്‍ ഇരുന്ന് സ്വകാര്യ നിമിഷങ്ങള്‍ ചെലവഴിക്കുന്നവരെ കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും പണം തട്ടിയിരുന്ന യുവാവ് അറസ്റ്റിലായി.
പോലീസുകാരനാണെന്ന് പരിചയപ്പെടുത്തിയായിരുന്നു ഇയാളുടെ തട്ടിപ്പ്.
കാക്കി ധരിച്ച് ബൈക്കില്‍ എത്തിയ ശേഷം ആളുകളെ ഭീഷണിപ്പെടുത്തുകയും പൊതുസ്ഥലത്ത് മര്യാദവിട്ട് പെരുമാറിയതിന് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു രീതി.
പോലീസിന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നതായി നിരവധി പരാതികള്‍ ലഭിച്ചതിന് പിന്നാലെ ജയനഗർ പോലീസ് ഇയാളെ അന്വേഷിച്ചിറങ്ങുകയായിരുന്നു.
ഇതിനൊടുവിലാണ് ഗംഗാനഗർ സ്വദേശിയായ ആസിഫ് ഖാൻ (42) എന്നയാളെ പിടികൂടിയത്. പത്താം ക്ലാസില്‍ തോറ്റ ശേഷം പഠനം നിർത്തി ഓട്ടോറിക്ഷ ഡ്രൈവറായി ജോലി ചെയ്യുന്ന ഇയാള്‍ക്കെതിരെ നിരവധി പരാതികളുണ്ടെന്ന് പോലീസ് പറയുന്നു.
15 വർഷത്തോളം പലതരണം തട്ടിപ്പുകള്‍ നടത്തിയ ആസിഫ് ഖാനെതിരെ 19 പേർ പരാതി നല്‍കിയിട്ടുണ്ട്. നേരത്തെ 2018ല്‍ ഒരു തവണ അറസ്റ്റിലായിട്ടുമുണ്ട്.
പൊതുപാർക്കുകള്‍ക്ക് സമീപവും റോഡരികിലെ മറ്റ് സ്ഥലങ്ങളിലും വാഹനങ്ങള്‍ക്കുള്ളില്‍ പങ്കാളികള്‍ക്കൊപ്പം ഇരിക്കുന്നവരാണ് ആസിഫ് ഖാന്റെ ഇരകള്‍.
ഇവരുടെ അടുത്ത് എത്തിയ ശേഷം പൊലീസുകാരനാണെന്ന് പറയുകയും, പൊതുസ്ഥലത്ത് അശ്ലീല പ്രവൃത്തികളില്‍ ഏർപ്പെട്ടതിന് നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങുകയും ചെയ്യും.
മാർച്ച് അഞ്ചാം തീയ്യതി ജയനഗർ ആർ.വി മെട്രോ സ്റ്റേഷന് സമീപം തന്റെ സഹപ്രവർത്തകയ്ക്കൊപ്പം കാറിലിരിക്കുകയായിരുന്ന സ്വകാര്യ കമ്ബനി ജീവനക്കാരനെ ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.
ബൈക്കിലെത്തി ഭീഷണിപ്പെടുത്തുകയും കാറിലുണ്ടായിരുന്ന 41കാരനെ ബൈക്കില്‍ കയറ്റി കൊണ്ടുപോവുകയും ചെയ്തു.
പിന്നീട് വിജനമായ സ്ഥലത്ത് എത്തിച്ച് അയാളുടെ 12 ഗ്രാം തൂക്കം വരുന്ന സ്വർണ മാലയും അഞ്ച് ഗ്രാം വരുന്ന മോതിരവും തട്ടിയെടുത്തു. പിന്നീട് ഇയാളെ ഒരു എടിഎമ്മില്‍ കൊണ്ടുപോയി 10,000 രൂപ പിൻവലിപ്പിച്ച് വാങ്ങുകയും ചെയ്തു.
അന്ന് രാത്രി തന്നെ ഈ യുവാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. മാർച്ച് ഒൻപതിന് ഇതുപോലെ മറ്റൊരു യുവാവിനെയും യുവതിയെയും ഭീഷണിപ്പെടുത്തി പണം വാങ്ങി. ആകെ 80 ഗ്രാം സ്വർണം ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
തട്ടിയെടുത്ത കൂടുതല്‍ പണം കണ്ടെത്താൻ ശ്രമം നടക്കുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.