ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം നൽകിയ രീതിയെ ചൊല്ലി വിവാദം.
ഡൽഹിയിലെ മൂന്ന് ആശുപത്രികളിലെ മോർച്ചറികൾക്ക് മുന്നിൽവെച്ച് വൻ തുക പണമായാണ് ബന്ധുക്കൾക്ക് നൽകിയത്. ഇത് 2023ലെ മാർഗ നിർദേശങ്ങൾക്ക് വിരുദ്ധമാണ്.
മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതവും ഗുരുതരമായി പരുക്കേറ്റ മൂന്ന് പേർക്ക് രണ്ടര ലക്ഷം രൂപ വീതവും പരുക്കേറ്റ മറ്റ് 12 പേർക്ക് ഒരു ലക്ഷം രൂപവീതവുമാണ് കൈമാറിയത്.
എല്ലാവർക്കും തുക പണമായി കയ്യിൽ നൽകുകയായിരുന്നുവെന്നും രാത്രി എട്ട് മണിക്ക് മുമ്പ് തന്നെ വിതരണം പൂർത്തിയാക്കിയെന്നും അവകാശപ്പെട്ട് റെയിൽവേ ബോർഡ് പബ്ലിസിറ്റി വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടർ ദിലീപ് കുമാർ രംഗത്തെത്തിയിരുന്നു.
2023ലെ കേന്ദ്ര സർക്കാർ മാർഗനിർദേശം അനുസരിച്ച് അടിയന്തര ധനസഹായമായി 50000 രൂപ വരെ പണമായി കൈമാറാം.
ബാക്കി തുക ചെക്ക് ആയോ ഇലക്ട്രോണിക് ട്രാൻസ്ഫർ വഴി ബാങ്ക് അക്കൗണ്ടിലേക്കോ നൽകണം.
മോർച്ചറിക്ക് മുന്നിൽവെച്ച് വൻ തുക കൈമാറിയ റെയിൽവേയുടെ നടപടി 2023ലെ നിർദേശങ്ങളുടെ ലംഘനമാണെന്നാണ് പ്രധാന വിമർശനം.
നടപടി ക്രമങ്ങൾ പാലിക്കാതെ പണം ഇത്തരത്തിൽ വിതരണം ചെയ്തത് അസാധാരണമെന്ന് റെയിൽവേയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥർ തന്നെ പറയുന്നു.
ഓൺലൈൻ ഇടപാടിന്റെ കാലതാമസം ഒഴിവാക്കാനാണ് എല്ലാവർക്കും പണം നേരിട്ട് നൽകിയതെന്നാണ് നോർത്തേൺ റെയിൽവേയുടെ വിശദീകരണം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.