കരാറുകാരന്റെ ആത്മഹത്യ; മന്ത്രി പ്രിയങ്ക് ഖാർഗെ കുരുക്കിലേക്ക് 

ബെംഗളൂരു: കടുത്ത മാനസിക സമ്മർദ്ദവും സാമ്പത്തിക ബുദ്ധിമുട്ടും അനുഭവിക്കുന്നവരാണ് സംസ്ഥാനത്തെ ചെറുകിട ഗവണ്മെന്റ് കരാറുകാരില്‍ പലരും.

കരാറുകള്‍ ലഭിക്കാൻ മാത്രമല്ല, ബില്ലുകള്‍ പാസ്സാക്കിക്കിട്ടാനും അവർ താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയ്ക്ക് പുറമെ അധികൃതർ പോറ്റിവളർത്തുന്ന മാഫിയസംഘത്തില്‍ നിന്ന് ഭീഷണിയും നേരിടുന്നുണ്ട്.

കരാറുകാർ ജീവനൊടുക്കുന്നത് തുടർക്കഥയാവുകയാണ്.

ബിദാറിലെ യുവകരാറുകാരൻ സചിൻ പഞ്ചല്‍ ഇക്കഴിഞ്ഞ ദിവസം തീവണ്ടിയ്ക്ക് തല വെച്ച്‌ ജീവനൊടുക്കിയ ദാരുണസംഭവം വൻവിവാദത്തിലേക്ക് നീങ്ങുകയാണ്.

അദ്ദേഹത്തിന്റെ ദീർഘമായ ആത്മഹത്യാക്കുറിപ്പില്‍ ഗ്രാമവികസന- ഐ ടി മന്ത്രി പ്രിയങ്ക് ഖാർഗെയുടെ പ്രധാന സഹായിയും കോണ്‍ഗ്രസ്സ് നേതാവുമായ രാജു കപനൂരിനെതിരെ ഗുരുതരമായ പരാമർശങ്ങളുണ്ട്.

ആ മേഖലയിലെ ചില ബിജെപി നേതാക്കളെയും സന്യാസിയെയും കൊലപ്പെടുത്താൻ ഇയാള്‍ മഹാരാഷ്ട്രയിലെ ക്രിമിനല്‍ സംഘങ്ങള്‍ക്ക് ക്വട്ടേഷൻ കൊടുത്തിട്ടുണ്ടെന്ന പരാമർശവും കുറിപ്പിലുണ്ടെന്ന് ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

പ്രിയങ്ക് ഖാർഗെയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി പ്രതിഷേധം ശക്തിപ്പെടുത്തുകയാണ്.

ഏഴുപേജുള്ള ആത്മഹത്യാക്കുറിപ്പില്‍ മൂന്നിടത്ത് മന്ത്രിയുടെ പേരുണ്ടെന്ന് ബിജെപി നേതാവ് ചലവഡി നാരായണസ്വാമി ആരോപിക്കുന്നു.

കോണ്‍ഗ്രസ്സ് അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ മകനാണ് പ്രിയങ്ക്.

അതുകൊണ്ടാണ് അദ്ദേഹത്തെ പുറത്താക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ മടിക്കുന്നതെന്ന് നാരായണസ്വാമി കുറ്റപ്പെടുത്തുന്നു.

ആത്മഹത്യാക്കുറിപ്പ് റെയില്‍വെ പോലീസ് ഹൈദര ബാദിലെ ഫോറൻസിക് ലാബിലേക്ക് അയച്ചിരുന്നു.

ആ കുറിപ്പിലെ കയ്യക്ഷരം സചിന്റേത് തന്നെയെന്ന് പരിശോധനയില്‍ തെളിഞ്ഞു.

സചിന്റെ മൃതദേഹത്തില്‍ നിന്ന് ലഭിച്ച ഫോണ്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളും ഫോറൻസിക് റിപ്പോർട്ടും റെയില്‍വെ പോലീസ്, കേസ് അന്വേഷിക്കുന്ന കർണാടക പോലീസിന്റെ സിഐഡി വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.

ബന്ധുക്കളുടെ പരാതിയെ തുടർന്ന് രാജു കപനൂരിനും നാലുപേർക്കും എതിരെ പോലീസ് കേസ്സെടുത്തിട്ടുണ്ട്.

മന്ത്രിയ്ക്കെതിരെ ബിജെപി സംസ്ഥാനമൊട്ടാകെ പോസ്റ്റർ ക്യാമ്പയിൻ ആരംഭിച്ചു.

അതിനിടെ വിശ്വകർമ്മ മഹാസഭയുടെ ജില്ലാഘടകം ബിദാറിലെ അംബേദ്കർ സർക്കിളില്‍ പ്രതിഷേധയോഗം ചേർന്ന് സചിൻ പഞ്ചലിന്റെ മരണത്തിന് ഉത്തരവാദികളായവരെ ഉടൻ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us