ഇൻഫോസിസ് കാംപസിലെ പുള്ളിപ്പുലിയെ പിടികൂടാനുള്ള ശ്രമം തുടരുന്നു; ജീവനക്കാരോട് വർക്ക്‌ ഫ്രം ഹോമിൽ തുടരാൻ നിർദേശം

മൈസൂരു : ഇൻഫോസിസ് കാംപസിൽ കണ്ടെത്തിയ പുള്ളിപ്പുലിയെ പിടികൂടാനുള്ള ശ്രമം ബുധനാഴ്ച വൈകിയും തുടരുന്നു.

ചൊവ്വാഴ്ച പുലർച്ചെ രണ്ടുമണിക്കാണ് പുള്ളിപ്പുലിയുടെ ദൃശ്യം ക്യാമറയിൽ പതിഞ്ഞത്. പാർക്കിങ് കേന്ദ്രത്തിലെ സി.സി.ടി.വി. ക്യാമറയിലാണ് ആദ്യം ദൃശ്യങ്ങൾ പതിഞ്ഞത്.

വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പുലിയെ പിടികൂടാനുള്ള ശ്രമംതുടരുന്നത്. 380 ഏക്കർ വിസ്തൃതിയാണ് കാംപസിനുള്ളത്.

വനംവകുപ്പ് കൂടുതൽ ജീവനക്കാരെ വിന്യസിക്കുകയും പ്രധാനമേഖലകളിൽ കൂടുതൽ കെണികൾ സ്ഥാപിക്കുകയും ചെയ്തതായി മൈസൂരു ഡിവിഷൻ ചീഫ് ഫോറസ്റ്റ് ഓഫീസർ മാലതി പ്രിയ അറിയിച്ചു.

ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ ബസവരാജിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നേടിയ ലിയോപാഡ് ടാസ്‌ക് ഫോഴ്‌സ് സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.

ബുധനാഴ്ച രാവിലെ കാംപസിനകത്തുള്ള ഒരു മരത്തിൽ പുലിയെ കണ്ടിരുന്നു. തുടർന്ന് കാംപസിന്റെ നാല് ഗേറ്റുകളും അടച്ചു.

ക്രിസ്മസ് അവധിക്ക് നാട്ടിൽപ്പോയവരോട് വർക്ക് ഫ്രം ഹോമിൽ തുടരാനാണ് എച്ച്.ആർ. വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്.

ഹെബ്ബാൾ ഇൻഡസ്ട്രിയൽ ഏരിയക്ക്‌ സമീപം സ്ഥിതിചെയ്യുന്ന കാംപസ് പുള്ളിപ്പുലികളുടെ ആവാസകേന്ദ്രമെന്നറിയപ്പെടുന്ന സംരക്ഷിതവനത്തിനു സമീപമാണ് സ്ഥിതിചെയ്യുന്നത്.

ഭക്ഷണംതേടി പുലി വനത്തിൽനിന്ന് ഇറങ്ങിയതാകണമെന്നാണ് അധികൃതരുടെ നിഗമനം. 2011-ൽ കാംപസിനകത്ത് പുള്ളിപ്പുലി കയറിയിരുന്നു. വനംവകുപ്പ് ഇതിനെ മയക്കുവെടിവെച്ച് പിടികൂടി കാട്ടിലേക്ക് അയക്കുകയായിരുന്നു.

മൈസൂരുവിലെ ഇൻഫോസിസ് ഗ്ലോബൽ എജുക്കേഷൻ സെന്ററിൽ നാലായിരത്തോളം പേരാണ് പരിശീലനത്തിലുള്ളത്.

ഇതിൽ പരിശീലനം നേടുന്നവരും ജീവനക്കാരുമായി ഏകദേശം 1300-നടുത്തുപേർ മലയാളികളാണ്. കൂടാതെ കാംപസ് കോമ്പൗണ്ടിന്റെ പുറത്തുള്ള വില്ലകളിലും മലയാളി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവരും ഇപ്പോൾ പുലിഭീതിയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us