ബെംഗളൂരു: സംസ്ഥാനത്ത് ബസ് ചാർജ് വർധന ഉടനെയുണ്ടാകില്ലെന്ന് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി.
നേരത്തേ ബസ് ചാർജ് നിരക്ക് വർധിപ്പിക്കണമെന്ന് കെ.എസ്.ആർ.ടി.സിയും മറ്റു കോർപറേഷനുകളും ആവശ്യപ്പെട്ടിരുന്നെങ്കിലും നിലവില്‍ അത്തരം നിർദേശങ്ങളൊന്നും ട്രാൻസ്പോർട്ട് കോർപറേഷനുകള്‍ സർക്കാറിനുമുന്നില്‍ സമർപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ നിരക്ക് വർധിപ്പിക്കണമെന്നു തന്നെയാണ് തീരുമാനമെങ്കിലും സർക്കാർ അന്തിമ തീരുമാനമെടുത്തിട്ടില്ല.
നിരക്ക് വർധന നടപ്പാക്കുമ്ബോള്‍ 15 ശതമാനംവരെ വർധനയുണ്ടാകുമെന്നാണ് റിപ്പോർട്ടുകള്‍. ബി.എം.ടി.സി 2010 ലും മറ്റു മൂന്ന് കോർപറേഷനുകള്‍ 2020 ലുമാണ് അവസാനമായി നിരക്ക് വർധിപ്പിച്ചത്.
അന്ന് ഡീസല്‍ ലിറ്ററിന് 60 രൂപയായിരുന്നു. കഴിഞ്ഞ മൂന്നു മാസം കൊണ്ട് മാത്രം കെ.എസ്.ആർ.ടി.സി 290 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ധനവിലയിലെയും സ്പെയർ പാർട്സുകളുടെയും വില വർധന, ശക്തി പദ്ധതി നടപ്പിലാക്കിയത് തുടങ്ങിയവയാണ് നഷ്ടം വർധിക്കാൻ കാരണമായി പറയുന്നത്. ബി.എം.ടി.സിക്ക് പ്രതിദിനം 40 കോടി രൂപ ചെലവ് വരുമ്ബോള്‍ 34 കോടി രൂപയാണ് വരുമാനമായി ലഭിക്കുന്നത്.
അതേസമയം ട്രാൻസ്പോർട്ട് കോർപറേഷനുകളുടെ നിലനില്‍പ്പിന് അടിയന്തരമായി നിരക്ക് വർധിപ്പിക്കണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
സർക്കാർ 7401 കോടി രൂപ നാല് ട്രാൻസ്പോർട്ട് കോർപറേഷനുകള്‍ക്കുമായി നല്‍കാനുണ്ടെന്നാണ് കണക്ക്. കൂടാതെ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയനുവദിക്കുന്ന ശക്തി പദ്ധതി നടപ്പിലാക്കിയ വകയില്‍ 1787 കോടി രൂപ ഇപ്പോഴും കോർപറേഷനുകള്‍ക്ക് നല്‍കിയിട്ടില്ല.
ശമ്പളത്തിലെയും മറ്റു ആനുകൂല്യങ്ങളുടെയും വർധന ആവശ്യപ്പെട്ട് ട്രാൻസ്പോർട്ട് കോർപറേഷൻ ജീവനക്കാർ അനിശ്ചിതകാല സമരവും പ്രഖ്യാപിച്ചിരുന്നു.
സിദ്ധരാമയ്യ സർക്കാർ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയനുവദിച്ചുകൊണ്ട് ട്രാൻസ്പോർട്ട് കോർപറേഷനുകളെ ഇല്ലാതാക്കുകയാണെന്നും ആസ്തികള്‍ വിറ്റുമുടിക്കാൻ ശ്രമിക്കുകയാണെന്നും ബി.ജെ.പി ആരോപിക്കുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.