ബെംഗളൂരു: ശ്രീലങ്കൻ എയർലൈൻസ് ഒക്ടോബർ 31 മുതൽ ബെംഗളുരുവിനും കൊളംബോയ്ക്കുമിടയിൽ പുതിയ പകൽ വിമാനം ആരംഭിക്കും. ഇതോടെ ഒരാഴ്ചയ്ക്കുള്ളിൽ ഇരു നഗരങ്ങൾക്കുമിടയിലുള്ള മൊത്തം വിമാനങ്ങളുടെ എണ്ണം 10 ആയി ഉയരും.
ഫ്ലൈറ്റ് UL 1174 ബെംഗളൂരുവിൽ നിന്ന് കൊളംബോയിലേക്ക് എല്ലാ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും രാവിലെ 09:40 ന് പുറപ്പെടും, കൊളംബോയിൽ രാവിലെ 11:10 ന് എത്തിച്ചേരും.
റിട്ടേൺ ഫ്ലൈറ്റ്, UL 1173,വ്യാഴം മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ കൊളംബോയിൽ നിന്ന് 07:20 AM ന് പുറപ്പെട്ട് 08:40 AM ന് ബംഗളൂരുവിലെത്തും.
ഈ റൂട്ടിൽ സർവീസ് നടത്താൻ ശ്രീലങ്കൻ എയർലൈൻസ് എയർബസ് എ320 വിമാനങ്ങൾ വിന്യസിക്കും. എല്ലാ A320കൾക്കും രണ്ട് ക്ലാസ് കോൺഫിഗറേഷനുണ്ട്. അതായത് ബിസിനസ്, ഇക്കണോമി ക്ലാസ് സീറ്റുകൾ ഉണ്ടായിരിക്കും.
പുതിയ വിമാനങ്ങൾക്ക് പുറമെ, നിലവിൽ ബെംഗളൂരുവിനും കൊളംബോയ്ക്കും ഇടയിൽ നടത്തുന്ന പ്രതിദിന സർവീസ് തുടരുമെന്ന് എയർലൈൻ അറിയിച്ചു.
ഡൽഹി, മുംബൈ, ഹൈദരാബാദ്, കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ട്രിച്ചി, മധുരൈ, ബെംഗളൂരു എന്നിവയുൾപ്പെടെ ഒമ്പത് നഗരങ്ങളുള്ള ശ്രീലങ്കൻ എയർലൈൻസിൻ്റെ ശൃംഖലയിൽ ഏറ്റവും കൂടുതൽ നഗരങ്ങളുള്ളത് ഇന്ത്യയിലാണ്. ഇരു രാജ്യങ്ങൾക്കുമിടയിൽ ആഴ്ചയിൽ ഏകദേശം 90 വിമാനങ്ങൾ ഉണ്ട്.