കോഴിക്കോട്: അർജുന്റെ വേർപാടിലെ വൈകാരികത ചൂഷണം ചെയ്യുകയാണെന്ന ആരോപണത്തില്‍ പ്രതികരിച്ച് ലോറി ഉടമ മനാഫ് രംഗത്ത്.
താൻ യൂട്യൂബ് തുടങ്ങിയതില്‍ എന്താണ് തെറ്റെന്ന് മനാഫ് ചോദിച്ചു.
ആരുടെയും തറവാട് സ്വത്തല്ല യൂട്യൂബ്. തന്റെ ചാനലില്‍ ഇഷ്ടമുള്ള വീഡിയോ ചെയ്യുമെന്നും അർജുന്റെ പേര് തന്നെ ലോറിക്ക് നല്‍കുമെന്നും മനാഫ് പ്രതികരിച്ചു.
അർജുന്റെ കുടുംബം ഉന്നയിച്ച ഫണ്ട് പിരിവ് അടക്കമുള്ള ആരോപണങ്ങളെയും മനാഫ് തള്ളി.
അർജുനെ ലഭിക്കുന്നതോടെ യൂട്യൂബ് ചാനലില്‍ ഇനിയർത്ഥമില്ലെന്ന് കരുതിയതാണ്, ഇത്രയും ആരോപണങ്ങള്‍ ഉന്നയിച്ച സ്ഥിതിക്ക് ആ ചാനല്‍ ഉഷാറാക്കാൻ തന്നെയാണ് തീരുമാനം.
ആർക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് നോക്കാം.
ആരുടെയും തറവാട് സ്വത്ത് ഒന്നുമല്ല യൂട്യൂബ്. എന്റെ ലോറിക്ക് അർജുൻ എന്നുതന്നെ പേരിടും. എനിക്കാരേയും പേടിയില്ല. ഞാൻ വേറെ ലെവലാ.
ഈ വൈകാരികത വച്ച് തന്നെയാണ് ജനഹൃദയങ്ങളിലേക്ക് അർജുൻ എത്തിയത്. അർജുന്റെ കുടുംബത്തെ എന്റെ ഫാമിലി ആയി കണ്ടതില്‍ എന്താണ് തെറ്റ്? അർജുന്റെ അമ്മ എന്റെ അമ്മ തന്നെയാണ്. ആ അമ്മ എന്നെ തള്ളിപ്പറഞ്ഞാലും പ്രശ്നമില്ല.
ഞാൻ ഫണ്ട് പിരിവ് നടത്തിയിട്ടില്ല. അങ്ങനെ ഞാൻ ചെയ്തതിന് തെളിവ് കൊണ്ടുവരികയാണെങ്കില്‍ മാനാഞ്ചിറ സ്ക്വയറിന് മുന്നില്‍ വന്ന് നില്ക്കും, നിങ്ങള്‍ക്ക് എന്നെ കല്ലെറിഞ്ഞ് കൊല്ലാം.
ഒരു പിആർ വർക്കും ഞാൻ നടത്തിയിട്ടില്ല. ഞാൻ നേരിട്ട ചില വിമർശനങ്ങളും കുറ്റപ്പെടുത്തലുകളുമുണ്ട്. അക്കാര്യത്തിന് പിറകെ ഞാൻ പോയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് ചില വിശദീകരണ വീഡിയോകള്‍ ചെയ്തിട്ടുണ്ട്.
അർജുനെ കാണാതായതിന് ശേഷം ഗംഗാവലി പുഴയിലെത്തിയപ്പോള്‍ ഞാൻ ഒറ്റയ്ക്കായിരുന്നു. അപ്പോഴാണ് ഒരു ആശ്വാസത്തിന് വേണ്ടി യൂട്യൂബ് ചാനല്‍ തുടങ്ങിയത്.
അതിലെന്താണ് തെറ്റ്. ആകെ പതിനായിരം സബ്സ്ക്രൈബേഴ്സ് മാത്രമുള്ള ചാനലാണത്. ഈ സബ്സ്ക്രൈബേഴ്സിന് കാര്യങ്ങള്‍ മനസിലാകാൻ വല്ലപ്പോഴും ഒരു ലൈവ് ഇടും. അർജുന്റെ വിഷയം ജനങ്ങള്‍ മറന്നുപോകാതിരിക്കാൻ വേണ്ടി ഞാൻ ശ്രമിച്ചിരുന്നു. അത്തരത്തില്‍ വീഡിയോ ചെയ്യാനും ആ ചാനല്‍ ഉപയോഗിച്ചു. അർജുന്റെ വിഷയം ജനങ്ങളിലേക്ക് എത്തിക്കാൻ ആ ചാനലിലൂടെ ശ്രമിച്ചു.
ലോറിക്ക് അർജുൻ എന്ന് പേരിടും. ടാറ്റ, ബിർള, കൊക്കകോള തുടങ്ങിയ പേരുകള്‍ പോലെ രജിസ്റ്റർ ചെയ്ത പേരല്ല അർജുൻ.
അതുകൊണ്ട് ആരൊക്കെ തടഞ്ഞാലും എന്റെ ലോറിക്ക് അർജുൻ എന്നുതന്നെ പേരിടും.
അർജുന്റെ കുടുംബം ഫോണ്‍ വിളിച്ചപ്പോള്‍ അറ്റെൻഡ് ചെയ്തിട്ടുണ്ട്.
എന്തുകൊണ്ടാണ് അവർ അങ്ങനെ പറഞ്ഞത് എന്ന് അറിയില്ല.” – മനാഫ് പ്രതികരിച്ചു.
അർജുന്റെ വേർപാടിന് ശേഷം വൈകാരികത വിറ്റ് കാശാക്കാനും യൂട്യൂബ് വ്യൂസ് നേടാനുമാണ് മനാഫ് ശ്രമിക്കുന്നതെന്ന് അർജുന്റെ കുടുംബം ആരോപിച്ചിരുന്നു.
അർജുന്റെ കുടുംബത്തിന് നല്‍കാനെന്ന പേരില്‍ ഫണ്ട് പിരിവ് നടത്തിയെന്നും കുടുംബം വെളിപ്പെടുത്തി.
അർജുനായുള്ള തിരച്ചില്‍ ദൗത്യത്തിന്റെ മൂന്നാം ഘട്ടമായപ്പോള്‍ മനാഫും ഈശ്വർ മാല്‍പെയും ചേർന്ന് നടത്തിയത് നാടകമാണ്.
അർജുന്റെ പേരില്‍ നടത്തുന്ന പ്രചാരണങ്ങള്‍ മനാഫ് നിർത്തണമെന്നും സഹികെട്ടാണ് ഇങ്ങനെ പ്രതികരിക്കേണ്ടി വന്നതെന്നും കുടുംബം പറഞ്ഞിരുന്നു.
അതിഗുരുതരമായ ആരോപണങ്ങള്‍ അർജുന്റെ കുടുംബം ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് മനാഫ് പ്രതികരിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.