ബെംഗളൂരു : ബെംഗളൂരു-മംഗളൂരു റെയിൽപ്പാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ശനിയാഴ്ച പുലർച്ചെ 12.30-നുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് ഈ റൂട്ടിലോടുന്ന അഞ്ചുതീവണ്ടികൾ വഴിയിൽ കുടുങ്ങി.
കണ്ണൂരിൽനിന്ന് ബെംഗളൂരുവിലേക്കും തിരിച്ചുമുള്ള എക്സ്പ്രസ് തീവണ്ടികളും കുടുങ്ങിയവയിൽപ്പെടുന്നു. ഇവയിലുള്ള യാത്രക്കാർ മണിക്കൂറുകളോളം ദുരിതമനുഭവിച്ചു. ഉച്ചയോടെ പലരും മറ്റുവാഹനങ്ങളിൽ കയറി യാത്ര തുടർന്നു.
ഹാസനിലെ സകലേശപുര-ബല്ലുപേട്ട് റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് പാളത്തിലേക്ക് മണ്ണിടിച്ചിലുണ്ടായത്. ഇടിഞ്ഞുവീണ മണ്ണിൽ പാളംമൂടി.
ബെംഗളൂരു-മംഗളൂരു റൂട്ടിൽ ആറുതീവണ്ടികൾ ഈസമയം സർവീസ് നടത്തുന്നുണ്ടായിരുന്നു. ഈ തീവണ്ടികൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു.
സകലേശപുരയ്ക്കടുത്ത് യടകുമേറി-കടഗരവള്ളി സ്റ്റേഷനുകൾക്കിടയിൽ കഴിഞ്ഞ 26-ന് രാത്രിയും മണ്ണിടിച്ചിലുണ്ടായി. പാളം ഗതാഗതയോഗ്യമാക്കി 12 ദിവസങ്ങൾക്കുശേഷം വ്യാഴാഴ്ചയാണ് ഗതാഗതം പുനരാരംഭിച്ചത്.
ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് പോകുന്ന എക്സ്പ്രസ് തീവണ്ടി (16511) ആലൂർ സ്റ്റേഷനിലാണ് പിടിച്ചിട്ടത്. രാത്രി ഒൻപതരയ്ക്ക് പുറപ്പെട്ട തീവണ്ടി രണ്ടുമണിയോടെ ഹാസനിലെത്തിയപ്പോഴാണ് ആദ്യം പിടിച്ചിട്ടത്.
രണ്ടുമണിക്കൂറോളം അവിടെ കിടന്നശേഷമാണ് ആലൂരിലേക്ക് മാറ്റിയത്. ആയിരത്തോളം യാത്രക്കാർ തീവണ്ടിയിലുണ്ടായിരുന്നു.
ഈ യാത്രക്കാർ തീവണ്ടിയിലിരുന്ന് നേരംവെളുപ്പിച്ചു. രാവിലെ റെയിൽവേ ഇവർക്ക് പ്രഭാതഭക്ഷണം നൽകി.
തീവണ്ടി റദ്ദാക്കിയതായി അറിയിക്കാത്തതിനാൽ മിക്കവരും ബോഗികളിൽത്തന്നെ തുടർന്നതായി യാത്രക്കാരനായ മംഗളൂരു സ്വദേശി പറഞ്ഞു. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് റദ്ദാക്കിയതായി സന്ദേശമെത്തിയത്.
അതേസമയം, തീവണ്ടികൾ പിടിച്ചിട്ട സ്റ്റേഷനുകളിൽനിന്ന് വിവിധയിടങ്ങളിലേക്കായി 26 ബസുകൾ സജ്ജീകരിച്ചുനൽകിയതായും 189 ടിക്കറ്റുകളിൽ പണം മടക്കിനൽകിയതായും ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു. 1,15,035 രൂപയാണ് മടക്കിനൽകിയത്.
ബെംഗളൂരുവിലേക്കുൾപ്പെടെയുള്ള ബസുകളിൽ 1980 പേർ യാത്ര ചെയ്തതായും അറിയിച്ചു. ഈ റൂട്ടിലുള്ള മുഴുവൻ തീവണ്ടികളുടെയും സർവീസുകൾ റദ്ദാക്കി. കണ്ണൂർ എക്സ്പ്രസ് ഉൾപ്പെടെ വഴിയിൽ കുടുങ്ങി യാത്രക്കാർക്ക് മണിക്കൂറുകൾനീണ്ട ദുരിതം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.