ബെംഗളൂരു : വാരണാസിയിലെ ‘ഗംഗാ ആരതി’ മാതൃകയിൽ മാണ്ഡ്യ ജില്ലയിൽ കാവേരി നദിക്കുസമീപം ‘കാവേരി ആരതി’ നടത്താനൊരുങ്ങി കർണാടക സർക്കാർ.
ജലവിഭവവകുപ്പും ദേവസ്വംവകുപ്പും സംയുക്തമായിട്ടാകും കാവേരി ആരതി സംഘടിപ്പിക്കുക. ഇതിനായി രണ്ടുവകുപ്പുകളുടെ മന്ത്രിമാരും ഉദ്യോഗസ്ഥരുമുൾപ്പെടുന്ന സംഘം രൂപവത്കരിക്കുമെന്നും ഇവർ വാരണാസിയിൽപ്പോയി പഠനംനടത്തുമെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.
പ്രത്യേകസംഘം ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. തുടർന്ന്, വിഷയം മന്ത്രിസഭയിൽ ചർച്ചചെയ്യും.
വാരണാസിയിൽനിന്നുള്ള വിദഗ്ധർ മാണ്ഡ്യയിലെത്തി കാവേരി നദിയിൽ കാവേരി ആരതി സംഘടിപ്പിക്കാനുള്ള സ്ഥലങ്ങൾ കണ്ടെത്തുമെന്നും ശിവകുമാർ അറിയിച്ചു.
കാവേരി നദിയിൽ കാവേരി ആരതി സംഘടിപ്പിക്കുന്നത് പ്രദേശത്തെ വിനോദസഞ്ചാരമേഖലയ്ക്ക് മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തൽ.
ഡി.കെ. ശിവകുമാറും കൃഷിമന്ത്രി എൻ. ചെലുവരായസ്വാമിയും തിങ്കളാഴ്ച കൃഷ്ണരാജ സാഗര (കെ.ആർ.എസ്.) അണക്കെട്ട് സന്ദർശിച്ചു.
തിങ്കളാഴ്ച രാവിലെ 123.20 അടിയായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. 124.80 ആണ് പരമാവധി സംഭരണശേഷി. അണക്കെട്ടിലേക്കെത്തുന്നത് 60,016 ക്യുസെക്സ് വെള്ളവും പുറത്തേക്കൊഴുക്കുന്നത് 52.020 ക്യുസെക്സുമാണ്.
രണ്ടുവർഷത്തിനുശേഷമാണ് കെ.ആർ.എസ്. അണക്കെട്ടിൽ പരമാവധിശേഷിക്ക് അടുത്ത് ജലനിരപ്പെത്തുന്നത്.
ജലനിരപ്പ് ഉയർന്നതിനാൽ അണക്കെട്ടിലെ ബോട്ടിങ് താത്കാലികമായി നിർത്തിവെച്ചു. ബൃന്ദാവൻ ഗാർഡന്റെ തെക്കുഭാഗത്തെ വടക്കുഭാഗവുമായി ബന്ധിപ്പിക്കുന്ന പാലവും വെള്ളത്തിൽമുങ്ങി.
അതിനാൽ ബൃന്ദാവൻ ഗാർഡന്റെ വടക്കുഭാഗത്തേക്ക് വിനോദസഞ്ചാരികൾക്ക് അനുമതിയില്ല. മ്യൂസിക്കൽ ഫൗണ്ടെയ്ൻ പ്രദർശനവും താത്കാലികമായി നിർത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.