ബെംഗളൂരു : കൂടുതൽ മെച്ചപ്പെട്ട റോഡുകൾ നഗരവാസികൾക്ക് നൽകുന്നതിനായി 157 കിലോമീറ്റർ റോഡ് വൈറ്റ് ടോപ്പിങ് ചെയ്യുന്ന പ്രവൃത്തികൾ തിങ്കളാഴ്ച ആരംഭിച്ചു.
‘ബ്രാൻഡ് ബെംഗളൂരു’ പദ്ധതിയുടെ കീഴിൽ 1,800 കോടി രൂപ ചെലവിലാണ് നഗരത്തിലെ റോഡുകൾ വൈറ്റ് ടോപ്പിങ് ചെയ്യുന്നത്.
ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉദ്ഘാടനം നിർവഹിച്ചു. ദീർഘകാലം നിലനിൽക്കുന്നതും ഉന്നതനിലവാരമുള്ളതുമായ റോഡുകൾ ലഭ്യമാക്കുന്നതിനാണ് വൈറ്റ് ടോപ്പിങ് ചെയ്യുന്നതെന്ന് ശിവകുമാർ പറഞ്ഞു.
ആദ്യഘട്ടത്തിൽ ചാമരാജ്‌പേട്ട്, ഗാന്ധിനഗർ, മല്ലേശ്വരം, മഹാലക്ഷ്മി ലേഔട്ട് നിയോജക മണ്ഡലങ്ങളിലെ 19.67 കിലോമീറ്റർ റോഡുകളാണ് വൈറ്റ് ടോപ്പിങ് ചെയ്യുന്നത്.
ഇതിനായി 200 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. ഓരോ ദിവസവും മൂന്നോ നാലോ വാർഡുകളിലെ ജോലി പൂർത്തിയാക്കാനാണ് ലക്ഷ്യം.
ഇതുവഴി നിശ്ചിത സമയത്തിനകം പണികൾ പൂർത്തിയാക്കാൻ സാധിക്കും. പതിറ്റാണ്ടുകളായി നഗരത്തിലെ റോഡുകളിലെ കുഴികൾക്ക് പരിഹാരമാണെന്നും നഗരത്തിന്റെ അടിസ്ഥാന സൗകര്യ വെല്ലുവിളികൾക്ക് സുസ്ഥിരമായ പരിഹാരമാണ് ലക്ഷ്യമെന്നും ബി.ബി.എം.പി. ഉദ്യോഗസ്ഥർ പറഞ്ഞു.
പരമ്പരാഗതമായ ടാർ റോഡുകളെ അപേക്ഷിച്ച് വൈറ്റ്-ടോപ്പിങ് റോഡുകൾ ഈടുനിൽക്കുന്നതാണെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
നിലവിലുള്ള ടാർ മിശ്രിതമുപയോഗിച്ചുള്ള റോഡുകൾക്ക് പകരം കോൺക്രീറ്റ് റോഡുകളാക്കുകയാണ് ചെയ്യുന്നത്.
കോൺക്രീറ്റ് മിശ്രിതം തയ്യാറാക്കി റോഡ് നിർമാണസ്ഥലത്ത് എത്തിച്ച് യന്ത്രമുപയോഗിച്ച് ഉറപ്പിക്കും.
ടാർ റോഡുകളെ അപേക്ഷിച്ച് അറ്റകുറ്റപ്പണികൾ കുറവായിരിക്കുമെന്നാണ് വിലയിരുത്തൽ. 25 വർഷം വരെ ഈടു നിൽക്കുമെന്നും അവകാശവാദമുണ്ട്.
2016 മുതൽ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) വൈറ്റ് ടോപ്പിങ് രീതി അവലംബിക്കുന്നുണ്ട്.
അതേസമയം, ടാർ റോഡുകളെ അപേക്ഷിച്ച് വൈറ്റ് ടോപ്പിങ് റോഡുകളുടെ നിർമാണം ചെലവേറിയതാണെന്ന് ആരോപണമുണ്ട്.
വൈറ്റ് ടോപ്പിങ് ജോലികൾ ഗതാഗത തടസ്സത്തിന് കാരണമാകുമെന്നും ആരോപണമുയരുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.