ബെംഗളൂരു : കർണാടകത്തിൽ പ്രബലസമുദായങ്ങളിൽനിന്ന് എതിർപ്പുണ്ടായ ജാതിസെൻസസ് റിപ്പോർട്ട് സർക്കാർ ചർച്ചചെയ്യാനൊരുങ്ങുന്നു. റിപ്പോർട്ട് ഉടൻ മന്ത്രിസഭ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
2017-ൽ അന്നത്തെ പിന്നാക്കവിഭാഗകമ്മിഷൻ ചെയർമാൻ കെ. കാന്തരാജിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയ ജാതിസെൻസസ് (സോഷ്യോ ഇക്കണോമിക് ആൻഡ് എജുക്കേഷണൽ സർവേ) റിപ്പോർട്ടാണിത്.
ശരിയായ പ്രാതിനിധ്യം റിപ്പോർട്ടിലില്ലെന്നാരോപിച്ച് പ്രബല സമുദായങ്ങളായ ലിംഗായത്തും വൊക്കലിഗയുമാണ് റിപ്പോർട്ടിനെ എതിർത്ത് രംഗത്തുള്ളത്. ഇവരെക്കാൾ കൂടുതൽ പ്രാതിനിധ്യം പിന്നാക്കവിഭാഗങ്ങൾക്കാണെന്നാണ് സൂചന.
റിപ്പോർട്ട് നടപ്പാക്കിയാൽ പിന്നാക്കവിഭാഗങ്ങൾക്ക് വലിയഗുണം ലഭിക്കും. അതിനാൽത്തന്നെ, റിപ്പോർട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഈ വിഭാഗങ്ങൾ സർക്കാരിൽ സമ്മർദംചെലുത്തുന്നുണ്ട്. പിന്നാക്കവിഭാഗങ്ങൾക്ക് അനുകൂലമായ നിലപാടാണ് സിദ്ധരാമയ്യയ്ക്കുള്ളത്.
പിന്നാക്ക, ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളുൾക്കൊള്ളുന്ന ‘അഹിന്ദ’ വിഭാഗത്തിന്റെ നേതാവാണ് സിദ്ധരാമയ്യ.റിപ്പോർട്ട് നടപ്പാക്കരുതെന്നാവശ്യം കോൺഗ്രസ് മന്ത്രിമാർക്കിടയിൽത്തന്നെ ശക്തമാണ്.
ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉൾപ്പെടെയുള്ള വൊക്കലിഗവിഭാഗം നേതാക്കൾ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് നൽകിയിരുന്നു. ലിംഗായത്ത് വിഭാഗത്തിൽനിന്നുള്ള മന്ത്രിമാരും എം.എൽ.എ.മാരും എതിർപ്പുന്നയിച്ചിരുന്നു.
മാർച്ച് നാലിനാണ് പിന്നാക്കവിഭാഗകമ്മിഷൻ ചെയർമാൻ കെ. ജയപ്രകാശ് ഹെഗ്‌ഡെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുൻപിൽക്കണ്ട് ഇതിനുമേൽ സർക്കാർ തുടർനടപടിയെടുത്തില്ല.
ഇപ്പോഴാണ് വീണ്ടും റിപ്പോർട്ട് ചർച്ചയിലേക്ക് വരുന്നത്. റിപ്പോർട്ടിലെന്താണുള്ളതെന്ന് തനിക്കറിയില്ലെന്നാണ് സിദ്ധരാമയ്യ പറയുന്നത്. റിപ്പോർട്ട് മുൻനിർത്തി മന്ത്രിസഭയിൽ ചർച്ച അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.