ബെംഗളൂരു : കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് ഭൂമി കൈമാറിയത് നിയമവിരുദ്ധമാണെന്ന ആരോപണമുയർന്നതിനെത്തുടർന്ന് മൈസൂരു അർബൻ ഡിവലപ്‌മെന്റ് അതോറിറ്റി(മുഡ) നടത്തിയ മുഴുവൻ ഭൂമികൈമാറ്റങ്ങളും സർക്കാർ സസ്പെൻഡ് ചെയ്തു.
മുഡയുടെ 50:50 പദ്ധതിപ്രകാരം ഭൂമി നൽകിയതിലാണ് ആരോപണമുയർന്നത്. പ്ലോട്ടുകൾ വികസിപ്പിക്കാൻ മുഡ ഏറ്റെടുക്കുന്ന തരിശുഭൂമിയുടെ അളവിന്റെ പകുതി വികസിപ്പിച്ച ഭൂമി തിരിച്ചുനൽകുന്ന പദ്ധതിയാണിത്.
നാലായിരം കോടി രൂപയുടെ അഴിമതി ഇതിൽ നടന്നിട്ടുണ്ടെന്നാണ് ബി.ജെ.പി. ആരോപിച്ചത്. സി.ബി.ഐ. അന്വേഷണം വേണമെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ആരോപണത്തെപ്പറ്റി അന്വേഷണം നടക്കുന്നുണ്ടെന്നും അതിനാലാണ് ഭൂമി കൈമാറ്റം സസ്പെൻഡ് ചെയ്തതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
സി.ബി.ഐ. അന്വേഷണം വേണമെന്ന ബി.ജെ.പി.യുടെ ആവശ്യത്തെ അദ്ദേഹം തള്ളിക്കളഞ്ഞു. മുഡ ലേ ഔട്ടുണ്ടാക്കാനായി ഏറ്റെടുത്ത തരിശുഭൂമിക്കുപകരം പ്ലോട്ടുകൾ ഉടമകൾക്ക് നൽകിയതിലാണ് ആരോപണമുയർന്നത്. പാർവതിക്ക് പ്ലോട്ടുകൾ നൽകിയത് നഗരത്തിലെ കണ്ണായസ്ഥലത്തായതാണ് വിവാദമുയർത്തിയത്.
പാർവതിക്ക് അവകാശപ്പെട്ടതാണ് ഈ പ്ലോട്ടുകളെന്ന് സിദ്ധരാമയ്യ വാദിക്കുന്നു. 1996-ൽ മൈസൂരു ഔട്ടർ റിങ് റോഡിലെ കെസറെയിൽ ഭാര്യാസഹോദരൻ വാങ്ങിയ നാലേക്കറോളം ഭൂമി പാർവതിക്ക് ദാനമായി നൽകിയതാണ്.
ഈ ഭൂമി മുഡ പ്ലോട്ടാക്കി മാറ്റി വിൽപ്പന നടത്തി. ഇതിനുപകരം മുഡ നൽകിയ ഭൂമിയാണിതെന്നും സിദ്ധരാമയ്യ പറഞ്ഞു.
പകരം പ്ലോട്ടുകൾ നൽകിയത് ഭൂമിക്ക് കൂടുതൽ വിലവരുന്ന വിജയനഗര തേർഡ് സ്റ്റേജിലും ഫോർത്ത് സ്റ്റേജിലുമുള്ള ലേ ഔട്ടുകളിലാണ്.
അതേസമയം, സിദ്ധരാമയ്യക്കെതിരേ വന്ന ആരോപണം വരുന്ന നിയമസഭാ സമ്മേളനത്തിൽ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. വ്യാഴാഴ്ച മൈസൂരുവിലെ മുഡയുടെ ആസ്ഥാനത്ത് ബി.ജെ.പി. പ്രതിഷേധപരിപാടി നടത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.