നഗരത്തിൽ അപൂർവനേട്ടം; യുവ എൻജിനിയറുടെ ഹൃദയം ഏഴുവർഷത്തിനിടെ മാറ്റിവെച്ചത് രണ്ടുതവണ

ബെംഗളൂരു : ഏഴുവർഷത്തിനിടെ രണ്ടുതവണ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക്‌ വിധേയനായി 32-കാരനായ എൻജിനിയർ.

ആന്ധ്രാപ്രദേശ് കർണൂൽ സ്വദേശിയായ വെങ്കടേഷാണ്  ബെംഗളൂരു ആസ്റ്റർ ആശുപത്രിയിൽ അപൂർവ ശസ്ത്രക്രിയക്ക്‌ വിധേയനായത്.

വെല്ലുവിളികൾനിറഞ്ഞ ഘട്ടങ്ങളിലെല്ലാം പിന്തുണയായി ഭാര്യ രൂപശ്രീയും കൂടെയുണ്ടായിരുന്നു.

2016-ലാണ് ആദ്യം ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്. സാമ്പത്തിക പരാധീനതകൾ അലട്ടുന്നതിനിടെയായിരുന്നു ശസ്ത്രക്രിയ.

പിതാവും പ്രണയിനിയായിരുന്ന രൂപശ്രീയും ചേർന്നാണ് ശസ്ത്രക്രിയക്ക്‌ ആവശ്യമായ പണം കണ്ടെത്തിയത്. 2018-ൽ വെങ്കടേഷും രൂപശ്രീയും വിവാഹിതരായി.

2020-ൽ കോവിഡ് പിടിപെട്ടെങ്കിലും അതിജീവിച്ചു. ഇതിനിടെ ഇവർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. 2021 ആയപ്പോൾ നെഞ്ചുവേദനയും നടുവേദനയും വെല്ലുവിളിയായി മാറി.

മാറ്റിവെച്ച ഹൃദയത്തിലെ ധമനികൾ സങ്കോചിച്ചതിനാൽ വീണ്ടും ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആവശ്യമായി വന്നു. 75 ശതമാനമേ അതിജീവന സാധ്യതയുള്ളൂവെന്നറിഞ്ഞിട്ടും ദമ്പതിമാർ മനസ്സാന്നിധ്യം കൈവിട്ടില്ല.

തുടർന്ന് ആസ്റ്റർ ആശുപത്രിയിലെ ഡോ. നാഗമലേഷിന്റെ നേതൃത്വത്തിലുള്ള ഹൃദ്രോഗവിദഗ്ധരുടെ സംഘം ഹൃദയം പുനർമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തുകയായിരുന്നു.

2023 ഡിസംബറിലായിരുന്നു ശസ്ത്രക്രിയ. ആദ്യമൊക്കെ രക്തസ്രാവം വെല്ലുവിളിയായെങ്കിലും പിന്നീട് അതെല്ലാം പരിഹരിച്ചു.

ആറുമാസമായി ആരോഗ്യവാനാണ് വെങ്കടേഷ്. ഇപ്പോൾ ജോലിചെയ്യുന്നുണ്ടെന്നും ദൃഢനിശ്ചയമുണ്ടെങ്കിൽ ഏതു പ്രതിസന്ധിയും തരണംചെയ്യാനാകുമെന്നും ഡോക്ടർപറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us