ബെംഗളൂരു : ബെംഗളൂരു റൂറലിലെ കോൺഗ്രസ് സ്ഥാനാർഥി ഡി.കെ.സുരേഷിന്റെ അടുത്ത അനുയായികളുടെ വീട്ടിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്.
വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കേയാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡ്.
ബ്ലോക്ക് പ്രസിഡന്റ് ശ്രീധർ, മുൻ കോർപ്പറേറ്റർ ഗംഗാധർ എന്നിവരുടെ വീടുകളിലാണ് ബുധനാഴ്ച രാവിലെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയത്.
റെയ്ഡ് ബി.ജെ.പി.യുടെ നാടകമാണെന്ന് ആരോപിച്ച് ഇരുവരുടേയും വീടുകൾക്കുമുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.
അതേസമയം, രണ്ടുദിവസമായി നഗരത്തിലെ ആഭരണ വ്യാപാരികളുടേയും വ്യവസായികളുടേയും വീടുകളിലും ഇവരുമായി ബന്ധപ്പെട്ട ഇടങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിവരികയാണ്.
ചൊവ്വ, ബുധൻ ദിവസങ്ങളിലായി ബെംഗളൂരുവിലെ 16 ഇടങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി.
കണക്കിൽ പെടാത്ത 1.33 കോടി രൂപയും വിവിധയിടങ്ങളിലായി സൂക്ഷിച്ച 23 കിലോയോളം സ്വർണാഭരണങ്ങളും കണ്ടെടുത്തതായാണ് വിവരം.
ബിനാമി ഇടപാടുകൾ സംശയിക്കുന്ന ഏതാനും രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.