ബെംഗളൂരു: കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ വനിതകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാന്‍ അവസരമൊരുക്കിയിരുന്നു.
കഴിഞ്ഞ ദിവസം തങ്ങളുടെ വളര്‍ത്തു പക്ഷികളുമായി കെഎസ്ആര്‍ടിസി ബസില്‍ കയറിയ മുത്തശ്ശിക്കും കൊച്ചുമകള്‍ക്കും കണ്ടക്ടര്‍ ഫ്രീ ടിക്കറ്റ് നല്കി.
എന്നാല്‍ പക്ഷികളെ ഫ്രീയായി കൊണ്ടുപോകാന്‍ പറ്റില്ലെന്ന് പറഞ്ഞ് കണ്ടക്ടര്‍ ടിക്കറ്റ് മുറിച്ചു.
നാല് പക്ഷികള്‍ക്ക് ചേര്‍ത്ത് 444 രൂപയാണ് കണ്ടക്ടര്‍ വാങ്ങിയത്.
കഴിഞ്ഞ ദിവസം രാവിലെയാണ് മുത്തശ്ശിയും ചെറുമകളും ബെംഗളൂരുവിൽ നിന്ന് മൈസൂരിലേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ കയറിയത്.
പല വീടുകളിലും കാണപ്പെടുന്ന ഒരു അലങ്കാര പക്ഷിയാണ് ‘ലൗ ബേര്‍ഡ്സ്’.
കാറിലും മറ്റും യാത്ര ചെയ്യുമ്പോള്‍ നമ്മുടെ വളര്‍ത്തുപക്ഷികളെ കൂടെ കൂട്ടുന്നതിന് തടസ്സമൊന്നുമില്ല. അതിന് അധികം ചെലവും വരില്ല.
ഇവിടെ മുത്തശ്ശിയും കൊച്ചുമകളും യാത്ര പുറപ്പെട്ടപ്പോള്‍ തങ്ങളുടെ ലൗ ബേര്‍ഡ്സുകളെയും ഒരു നീല നിറത്തിലുള്ള കൂട്ടിലാക്കി കൂടെക്കൂട്ടി.
ബസില്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സീറ്റിലിരുന്ന ഈ അമ്മൂമ്മയും കൊച്ചുമകളും തങ്ങള്‍ക്കിടയിലെ സീറ്റില്‍ ലൗ ബേര്‍ഡ്സിന്റെ കൂട് വെച്ചു.
ഉള്ളില്‍ 4 ലൗ ബേര്‍ഡ്സ് ഉണ്ടെങ്കിലും അത്ര വലിയ കൂടൊന്നുമായിരുന്നില്ല.
അവരില്‍ ഒരാള്‍ക്ക് മടിയില്‍ വെക്കാനേ ഉണ്ടായിരുന്നുള്ളൂ.
ബസില്‍ കയറിയ ഇരുവര്‍ക്കും ആധാര്‍ കാര്‍ഡ് കാണിച്ചതോടെ ശക്തി യോജന പ്രകാരം സൗജന്യ ടിക്കറ്റ് ലഭിച്ചു.
എന്നാല്‍ ലൗ ബേര്‍ഡ്സിന് ടിക്കറ്റെടുക്കണമെന്ന് കണ്ടക്ടര്‍ പറഞ്ഞു.
പക്ഷി ഒന്നിന് 111 രൂപ നല്‍കണമെന്നായി കണ്ടക്ടറുടെ പക്ഷം.
ആകെ 444 രൂപയാണ് ടിക്കറ്റ് ചാര്‍ജ് വന്നത്.
എന്തിനാണ് ടിക്കറ്റ് എന്ന് ചോദിച്ചപ്പോള്‍ പക്ഷികള്‍ക്കും മറ്റും ടിക്കറ്റ് നിര്‍ബന്ധമാണെന്ന് കണ്ടക്ടര്‍ പറഞ്ഞു.
പക്ഷികള്‍ക്ക് ഹാഫ് ടിക്കറ്റാണ് നല്‍കിയത്.
ബസിലുണ്ടായിരുന്ന ഒരാള്‍ ലൗ ബേര്‍ഡ്സിന് നല്കിയ ടിക്കറ്റിന്റെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്ത്.
ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ വൈറലാണ്.
കണ്ടക്ടര്‍ ഇങ്ങനെ ലൗ ബേര്‍ഡ്സിന് ടിക്കറ്റ് മുറിച്ച് നല്കാന് കാരണമുണ്ട്.
കോഴികളെ അടക്കം ബസില്‍ കയറ്റിയതിന് ടിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് മുമ്പ് കണ്ടക്ടര്‍മാരും യാത്രക്കാരും തമ്മില്‍ വാക്കേറ്റമുണ്ടാകാറുണ്ട്.
രണ്ട് വര്‍ഷം മുമ്പ് ഒരു കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍ പക്ഷികളുമായി യാത്ര ചെയ്തയാള്‍ക്ക് ടിക്കറ്റ് നല്‍കിയിരുന്നില്ല.
എന്നാല്‍ തൊട്ടടുത്ത സ്റ്റോപ്പില്‍ നിന്ന് ചെക്കര്‍ കയറിയപ്പോള്‍ പക്ഷികള്‍ക്ക് ടിക്കറ്റ് നല്‍കാത്തതിന് കണ്ടക്ടര്‍ക്ക് പിഴയിട്ടിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.