ബെംഗളൂരു: ബെംഗളൂരുവിൽ വെള്ളക്ഷാമം രൂക്ഷമായതോടെ സത്വര നടപടികളുമായി സർക്കാർ.
വെള്ളം വിതരണത്തിന് കർണാടക മിൽക്ക് ഫെഡറേഷൻ്റെ പാൽ ടാങ്കറുകൾ ഉപയോഗപ്പെടുത്താനും നഗരത്തിൻ്റെ പ്രാന്തപ്രദേശങ്ങളിലെ കുഴൽക്കിണറുകൾ ഏറ്റെടുക്കാനും സർക്കാർ തീരുമാനിച്ചു.
വെള്ളക്ഷാമം രൂക്ഷമായതോടെ ടാങ്കർ വെള്ളമെത്തിക്കുന്നതിനുള്ള നിരക്ക് കുത്തനെ ഉയർന്നിരുന്നു.
12,000 ലിറ്റർ വെള്ളം ഇറക്കുന്നതിന് 700 ഉം 800 ഉം രൂപ ഈടാക്കിയ സ്ഥാനത്ത് ഇപ്പോൾ നൽകേണ്ടത് 1500 മുതൽ 1800 രൂപ വരെയാണ്.
ചിലയിടത്ത് നിരക്ക് 2000 രൂപയും കവിഞ്ഞു. ഇതോടെ നഗരവാസികൾ ഏറെ ബുദ്ധിമുട്ടിലാണ്.
കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിൻ്റെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്നു.
വാട്ടർ ടാങ്ക് ഉടമകൾ വ്യാഴാഴ്ചക്കകം സർക്കാരിൽ രജിസ്റ്റർ ചെയ്യണമെന്ന് ഡികെ ശിവകുമാർ യോഗത്തിനു ശേഷം അറിയിച്ചു.
അല്ലാത്തപക്ഷം ആർടിഒ മുഖേന പിടിച്ചെടുക്കാനാണ് സർക്കാർ തീരുമാനം.
വെള്ളം വിതരണത്തിന് കർണാടക മിൽക്ക് ഫെഡറേഷനോടും ടാങ്കറുകൾ ആവശ്യപ്പെട്ടതായി ഉപമുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് പാലുത്പാദനം കുറഞ്ഞതിനാൽ കുറച്ചു ടാങ്കറുകൾ ഉപയോഗമില്ലാതെ കിടപ്പുണ്ട്.
അവ വൃത്തിയാക്കി വെള്ളം വിതരണത്തിന് ഉപയോഗപ്പെടുത്താനാണ് സർക്കാർ തീരുമാനമെന്ന് ഉപമുഖ്യമന്ത്രി വ്യക്തമാക്കി.
നഗരത്തിൽ ബ്രഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) യുടെയും ബെംഗളൂരു വാട്ടർ സപ്ലൈ ആൻ്റ് സൂറേജ് ബോർഡി (ബിഡബ്യുസസബി) ൻ്റെയും കീഴിൽ 14,781 കുഴൽക്കിണറുകളുണ്ട്.
ഇവയിൽ 6,997 എണ്ണം വറ്റിവരണ്ടു. എന്നാൽ ബാക്കിയുള്ളവയിൽ വെള്ളം ലഭ്യമാണ്. അവ ലൈൻമാന്മാരെ ഉപയോഗിച്ചു കണ്ടെത്താൻ മന്ത്രി ബെസ്കോം അധികൃതർക്ക് നിർദേശം നൽകി.
കൂടാതെ, ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, രാമനഗര ജില്ലകളിലെ സ്വകാര്യ കുഴൽക്കണറുകളും കണ്ടെത്താനും നിർദേശമുണ്ട്.
വെള്ളം ആരുടെയും സ്വകാര്യ സ്വത്തല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എന്തിരുന്നാലും സ്വകാര്യ കുഴൽക്കിണറുകളുടെ ഉടമകൾക്ക് നഷ്ടപരിഹാരമെന്ന നിലയിൽ പണം നൽകുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം നഗരത്തിലെ കുഴൽക്കിണറുകളുടെ ആഴം കൂട്ടാനും സർക്കാരിന് പദ്ധതിയുണ്ട്. കാവേരി ജലസേചനത്തിൻ്റെ അഞ്ചാം ഘട്ടം മെയ് മാസത്തോടെ പൂർത്തിയാകുമെന്നും മന്ത്രി അറിയിച്ചു.
ഇതോടെ ബിബിഎംപിക്ക് കീഴിലെ 110 ഗ്രാമങ്ങളിലേക്ക് വെള്ളമെത്തിക്കാനാകും. നിലവിൽ രണ്ടു കിലോമീറ്റർ ദൂരം പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിൽ ചെറിയ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. അത് പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.