ഇലക്ട്രോണിക് സിറ്റിയിൽ മെട്രോ സർവീസ് വൈകും; ചൈനയിൽ നിന്നും ഡ്രൈവറില്ലാ ട്രെയിനുകൾ എത്തിയില്ല

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയെ ബെംഗളൂരു നഗരവുമായി ബന്ധിപ്പിക്കുന്ന നമ്മ മെട്രോ ബൊമ്മസന്ദ്ര – ആർവി റോഡ് പാതയിലെ സർവീസ് ആരംഭിക്കുന്നത് ജൂലൈ വരെ വൈകുമെന്ന് ബിഎംആർസി.

പാതയിൽ ഓടിക്കേണ്ട ഡ്രൈവറില്ലാ ട്രെയിനുകൾ ചൈനയിൽ നിന്ന് എത്തിക്കാൻ വൈകുന്നതാണു തിരിച്ചടിയാകുന്നത്.

നിർമാണം പൂർത്തിയായ 2 ട്രെയിനുകൾ ഈ മാസം അവസാനത്തോടെയാകും ബിഎംആർസിക്കു ലഭിക്കുക. തുടർന്ന് ചൈനയിൽ നിന്നുള്ള വിദഗ്ധ സംഘമെത്തി പരിശോധനകൾ നടത്തിയതിനു ശേഷമാകും ഇവ ട്രാക്കിൽ ഓടിക്കുക.

ബിഎംആർസി ജീവനക്കാർക്കു ഇതിനുള്ള പരിശീലനവും ചൈനീസ് സംഘം നൽകും. ഇതിനായി ചൈനീസ് സംഘത്തിനു കേന്ദ്രസർക്കാർ വീസ നൽകിയെങ്കിലും സന്ദർശന തീയതി ഇവർ പ്രഖ്യാപിച്ചിട്ടില്ല.

16 സ്റ്റേഷനുകളാണ് പാതയിലുള്ളത്. ആർവി റോഡ്, റാഗിഗുഡ, ജയദേവ ഹോസ്പിറ്റൽ, ബിടിഎം ലേഔട്ട്, സിൽക്ക് ബോർഡ്, ബൊമ്മനഹള്ളി, ഹൊങ്ങസന്ദ്ര, കുഡ്‌‌ലു ഗേറ്റ്, സിങ്ങസന്ദ്ര, ഹൊസ റോഡ്, ബരത്തന അഗ്രഹാര, കോനപ്പന അഗ്രഹാര, ഇലക്ട്രോണിക്സ് സിറ്റി, ഹുസ്കൂർ റോഡ്, ഹെബ്ബഗോഡി, ബൊമ്മസന്ദ്ര എന്നിവയാണിവ.

അടുത്ത മാസം തുടങ്ങുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. ഇലക്ട്രോണിക് സിറ്റിയിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന പാതയാണിത്.

നിർ‌മാണം പൂർത്തിയായ പാതയിൽ അവസാനഘട്ട മിനുക്കുപണി മാത്രമാണ് അവശേഷിക്കുന്നത്.

എന്നാൽ നിലവിലിപ്പോൾ പരീക്ഷണയോട്ടം ഉൾപ്പെടെ പൂർത്തിയാക്കി സർവീസ് ആരംഭിക്കാൻ 6 മാസത്തോളം സമയം വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബിഎംആർസി ചീഫ് പിആർഒ യശ്വന്ത് ചവാൻ പറഞ്ഞു.

എന്നാൽ പാതയിൽ സർവീസ് നടത്തുന്നതിനായി കൊൽക്കത്തയിലെ ടിറ്റഗർ റെയിൽ സിസ്റ്റംസ് ലിമിറ്റഡ് നിർമിച്ച 216 ട്രെയിൻ കോച്ചുകൾ ബിഎംആർസിക്കു ലഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us