ഉബർ യാത്രയ്ക്ക് 100 രൂപ അധികം ഈടാക്കി; പരാതി നൽകാൻ വിളിച്ചപ്പോൾ നഷ്ടമായത് ലക്ഷങ്ങൾ  

CYBER ONLINE CRIME

ന്യൂഡൽഹി: ഉബർ യാത്രയ്ക്ക് 100 രൂപ അധികമായി ഈടാക്കിയതിനെ തുടർന്ന് പരാതി നൽകാനായി കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചയാൾക്ക് ഓൺലൈൻ തട്ടിപ്പിൽ നഷ്ടമായത് ലക്ഷങ്ങൾ.

പ്രദീപ് ചൗധരി എന്നയാൾക്കാണ് പണം നഷ്‌ടമായത്. ഡൽഹിയിലെ സഫ്ദർജംഗ് എൻക്ലേവിൽ താമസിക്കുന്ന പ്രദീപ് ചൗധരി ഗുഡ്ഗാവിലേക്ക് ഉബർ ക്യാബ് ബുക്ക് ചെയ്തു.

യാത്രയുടെ ചെലവായി ഉബർ ആപ്പിൽ കാണിച്ച നിരക്ക് 205 രൂപയായിരുന്നു.

എന്നാൽ യാത്രയ്ക്ക് ശേഷം 318 രൂപ തിരികെ ഈടാക്കിയതിനെ തുടർന്ന് അധികമായി ഈടാക്കിയ പണം ലഭിക്കുന്നതിന് കസ്റ്റമർ കെയറിൽ പരാതി നൽകാൻ ഗൂഗിളിൽ തിരഞ്ഞപ്പോൾ ലഭിച്ച കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിച്ചു.

കോൾ എടുത്തത് രാകേഷ് മിശ്രയെന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തിയാണ്. ചൗധരിയുടെ പരാതി കേട്ട ശേഷം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ‘റസ്റ്റ് ഡെസ്ക് ആപ്പ്’ ഡൗൺലോഡ് ചെയ്യാൻ ഇയാൾ ആവശ്യപ്പെട്ടു.

പിന്നീട് റീഫണ്ടിനായി പേടിഎം ആപ്പ് തുറന്ന് ‘rfnd 112’ എന്ന സന്ദേശം അയക്കാനായി ആവശ്യപ്പെട്ടു.

മൊബൈൽ നമ്പർ ചോദിച്ചപ്പോൾ കസ്റ്റമർ കെയർ എജൻറിൻറെ ഇടപെടലിൽ സംശയം തോന്നി ചൗധരി ചോദ്യം ചെയ്തെങ്കിലും കേസ് വെരിഫിക്കേഷനാണെന്നായിരുന്നു മറുപടി.

അയാൾ പറഞ്ഞ നിർദ്ദേശങ്ങൾക്കനുസരിച്ച് ചൗധരി കാര്യങ്ങൾ ചെയ്തതോടെ ബാങ്കിൽ നിന്നും ആദ്യം 83,760 രൂപ അതുൽ കുമാർ എന്ന പേരിലുള്ള ഒരു അക്കൗണ്ടിലേക്ക് പോയി.

പിന്നീട് നാല് ലക്ഷം രൂപ, 20,012 രൂപ, 49,101 രൂപ എന്നിങ്ങനെയുള്ള നാല് ഇടപാടുകൾ കൂടി നടന്നു.

ഇതോടെ തട്ടിപ്പിനിരയായെന്ന് മനസ്സിലായ പ്രദീപ് ചൗധരി പോലീസിൽ പരാതിപ്പെടുകയായിരുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us