ദസറ ജംബോ സവാരിക്ക് തയ്യാറെടുത്ത് കൊട്ടാര നഗരി; ഇന്ന് വിസ്‌മയം വിരിയിച്ച് എയർഷോ

ബെംഗളൂരു: ദസറ സമാപന ദിവസത്തിൽ ചാമുണ്ഡേശ്വരി ദേവിയുടെ സുവർണ സിംഹാസനം വഹിച്ചുള്ള ജംബോ സവാരിക്കും തീവെട്ടി പ്രകടനത്തിനും ഒരുങ്ങി കൊട്ടാര നഗരിയായ മൈസൂരു.

വിജയദശമി ദിനമായ നാളെ ജംബോ സവാരിയോടെ 10 ദിവസം നീണ്ടുനിന്ന ദസറ ആഘോഷം സമാപിക്കും.

അംബാവിലാസ് കൊട്ടാരത്തിലെ ചാമുണ്ഡി ക്ഷേത്രത്തിൽ ഉച്ചകഴിഞ്ഞ് 2 .30 ആരംഭിക്കുന്ന നന്ദി ധ്വജ പൂജകളോടെയാണ് ചടങ്ങുകൾ ആരംഭിക്കുക.

ജംബോ സവാരി മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഫ്ലാഗ് ഓഫ് ചെയുക. അംബാരി ആന അഭിമന്യുവാണ് ഇത്തവണയും സുവർണ ഹൗഡ പല്ലക്കിലേറ്റുന്നത് തുടർച്ചയായ നാലാം വർഷമാണ് അഭിമന്യു അംബാരി ആന സ്ഥാനം അലങ്കരിക്കുന്നത്.

മാനത്ത് വ്യോമാഭ്യാസ പ്രകടനങ്ങളുമായി ദസറ എയർഷോ ഇന്ന് വൈകിട്ട് നാലിന് മന്നിമണ്ഡപം ഗ്രൗണ്ടില്‍ നടക്കും . എന്നാൽ പ്രത്യേക പാസെടുത്തവർക്ക് മാത്രമാകും പ്രവേശനം.

ഞായറാഴ്ച രാവിലെയോടെ പാസ് വിൽപ്പന പൂർത്തിയായി. തിങ്കളാഴ്ച വൈകീട്ട് നടക്കുന്ന ടോർച്ച്‌ലൈറ്റ് പരേഡിന്റെ പരിശീലനം കാണാനും ഈ പാസ് ഉപയോഗിക്കാം.

അതേസമയം, മൈസൂരു കൊട്ടാരത്തിലെ ആയുധപൂജ ചടങ്ങുകൾക്ക് തിങ്കളാഴ്ച തുടക്കമാകും.

കൊട്ടാരത്തിനുള്ളിൽ നടക്കുന്ന മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന ചടങ്ങുകൾക്ക് രാജാവ് യദുവീർ കൃഷ്ണദത്ത ചാമരാജ വോഡയാറാണ് നേതൃത്വം നൽകുക.

രാജകുടുംബവുമായി ബന്ധപ്പെട്ടവരും ക്ഷണിക്കപ്പെട്ട അതിഥികളും മാത്രമാണ് ചടങ്ങുകളിൽ പങ്കെടുക്കുന്നത്.

രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ പൊതുജനങ്ങൾക്ക് കൊട്ടാരത്തിലേക്ക് പ്രവേശനമില്ല. വിജയദശമി ദിനമായ ചൊവ്വാഴ്ചയും പ്രവേശനമുണ്ടാകില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us