ഡൽഹി: ബലാത്സംഗത്തിനിരയായി ഗര്‍ഭം ധരിച്ച പ്രായപൂര്‍ത്തിയാകാത്തതും കുടുംബം ഉപേക്ഷിക്കപ്പെട്ടതുമായ പെണ്‍കുട്ടികള്‍ക്ക് നിര്‍ഭയ പദ്ധതിയുടെ കീഴില്‍ ആരംഭിക്കുന്ന പുതിയ പദ്ധതിയിലൂടെ സംരക്ഷണം ഒരുക്കുമെന്ന് വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി മാധ്യമങ്ങളോട് പറഞ്ഞു.
പുതിയ പദ്ധതിയിലൂടെ കുടുംബം ഉപേക്ഷിച്ച പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടികള്‍ക്ക് പാര്‍പ്പിടം,ഭക്ഷണം നിയമസഹായം എന്നിവ ഒരുക്കുന്ന പദ്ധതിയാണ് കേന്ദ്രം ആരംഭിച്ചത്. പെണ്‍കുട്ടികള്‍ക്ക് സാമ്പത്തിക പിന്തുണയും അടിസ്ഥാന സൗകര്യങ്ങളും പദ്ധതിയൂടെ നടപ്പിലാക്കും.
സംസ്ഥാനസര്‍ക്കാരുകളുമായും ശിശു സംരക്ഷണസ്ഥാപനങ്ങളുമായും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. ശിശു സംരക്ഷണ സ്ഥാപനങ്ങളുടെ കീഴില്‍ 18 വയസ് വരെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കും ആഫ്റ്റര്‍ കെയര്‍ ഫെസിലിറ്റികളില്‍ 23 വയസ് വരെയുള്ള സ്ത്രീകള്‍ക്കും സംരക്ഷണം ഒരുക്കും.
നിയമസഹായത്തോടൊപ്പം പെണ്‍കുട്ടികള്‍ക്ക് കോടതിയില്‍ ഹാജരാകാനുള്ള സുരക്ഷിതമായ യാത്രാസൗകര്യം ഉള്‍പ്പെടെയുള്ളവയും സര്‍ക്കാര്‍ ഒരുക്കും. ബലാത്സംഗ ഇരകള്‍ക്ക് നീതി നേടി കൊടുക്കുവാന്‍ രാജ്യത്ത് 415 അതിവേഗ പോക്സോ കോടതികള്‍ ഉടന്‍ സ്ഥാപിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ ഡാറ്റ അനുസരിച്ച് 2021 ല്‍ 51,863 പോക്സോ കേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്