തൃശൂർ പൂരത്തിന് ഇന്ന് വിളംബരം. നെയ്തലക്കാവിലമ്മയുടെ തിടമ്പേന്തി വരുന്ന കൊമ്പൻ എറണാകുളം ശിവകുമാർ തെക്കേ ഗോപുര നട തുറക്കും. ഇതോടെ പൂരത്തിന്റെ ചടങ്ങുകൾക്ക് തുടക്കമാകും. നാളെയാണ് വിശ്വപ്രസിദ്ധമായ തൃശൂർ പൂരം. നെയ്തലക്കാവ് ഭഗവതി ആനപ്പുറത്ത് എഴുന്നള്ളി സ്വരാജ് റൗണ്ടിന് നടുവിലെ പൂര പറമ്പിലെത്തും. വടക്കുംനാഥന്റെ തിരുമുറ്റമായ പൂരപറമ്പിൽ പൂരം നടത്തുന്നതിന് അനുമതി തേടും. തുടർന്ന് പടിഞ്ഞാറേ നടയിലൂടെ ക്ഷേത്ര വളപ്പിൽ പ്രവേശിക്കുന്ന നെയ്തലക്കാവ് ഭഗവതി നടപ്പാണ്ടി മേളത്തിന്റെ അകമ്പടിയോടെ തെക്കേ ഗോപുരത്തിനുള്ളിലെത്തും.
ഭഗവതിയുടെ തിടമ്പേന്തിയ കൊമ്പൻ എറണാകുളം ശിവകുമാർ തെക്കേ ഗോപുര വാതിൽ തുറക്കും. അടച്ചിട്ട നട തുറക്കുന്നതോടെ കാത്തു നിൽക്കുന്ന പൂരപ്രേമികളിൽ ആഹ്ളാദാരവങ്ങളുടെ തിരയടിക്കും. ഇതോടെ പൂരചടങ്ങുകൾക്ക് തുടക്കമാകും..
അതേ സമയം തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങളുടെ ചമയപ്രദർശനം തുടരുകയാണ്. പാറമേക്കാവ് അഗ്രശാലയിലും തിരുവമ്പാടി കൗസ്തുഭം ഹാളിലുമാണ് ആനച്ചമയങ്ങളുടെ വർണ വിസ്മയം ഒരുക്കിയിരിക്കുന്നത്. മുത്തുക്കുടകളും ആലവട്ടവും വെഞ്ചാമരങ്ങളും നെറ്റി പട്ടങ്ങളുമൊക്കെയായി പൂരപ്രേമികൾക്ക് കാഴ്ചയുടെ വിരുന്നൊരുക്കുകയാണ് ഇരു ദേവസ്വങ്ങളും.തിരക്ക് പ്രമാണിച്ച് ഇന്ന് രാത്രി 12 വരെ ചമയപ്രദര്‍ശനം തുടരും.