പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച മൈസൂരുവിലെത്തും

ബെംഗളൂരു: ദേശീയ കടുവസംരക്ഷണ അതോറിറ്റിയുടെ ‘പ്രോജക്ട് ടൈഗർ’ പദ്ധതിയുടെ 50-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി മൈസൂരുവിലെത്തും. ഞായറാഴ്ചയാണ് പരിപാടി.ശനിയാഴ്ച രാത്രി 8.30-ഓടെ ഡൽഹിയിൽനിന്നുള്ള പ്രത്യേകവിമാനത്തിൽ പ്രധാനമന്ത്രി മൈസൂരുവിലെത്തും. രാത്രി നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽതങ്ങും. ഞായറാഴ്ച രാവിലെ ഏഴുമുതൽ 9.30 വരെ ചാമരാജനഗറിലെ ബന്ദിപ്പുർ കടുവസങ്കേതത്തിൽ സഫാരി നടത്തും.

തുടർന്ന് തമിഴ്‌നാട്ടിലെ മുതുമലൈ വനത്തിലെ ആന ക്യാമ്പും സന്ദർശിക്കും.ഇതിനുശേഷം മൈസൂരുവിൽ തിരിച്ചെത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 12.30-ന് കർണാടക സംസ്ഥാന ഓപ്പൺ സർവകലാശാലയിൽ നടക്കുന്ന ‘പ്രോജക്ട് ടൈഗർ’ പദ്ധതിയുടെ വാർഷികാഘോഷത്തിൽ പങ്കെടുക്കും. ഏറ്റവുംപുതിയ ദേശീയ കടുവ സെൻസസും പുറത്തുവിടും. തുടർന്ന് ഡൽഹിയിലേക്ക് മടങ്ങും.പ്രധാനമന്ത്രിയുടെ സന്ദർശനത്തിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്.

സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്.പി.ജി.) അധികൃതരെത്തി സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി. പ്രധാനമന്ത്രി സഫാരിനടത്തുന്ന വനപാതയിലും സമീപത്തുമായി 1500-ഓളം പോലീസുകാരെ വിന്യസിക്കും. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. അലോക് കുമാർ ബന്ദിപ്പുരിലെത്തി സുരക്ഷാപരിശോധന നടത്തിയിരുന്നു.നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ കർണാടകസന്ദർശനമാണിത്.

പ്രധാനമന്ത്രിയുടെ സന്ദർശനത്തെ പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ ചോദ്യംചെയ്തിരുന്നു. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷനിൽനിന്ന് അനുമതി തേടിയിട്ടുണ്ടോയെന്നായിരുന്നു സിദ്ധരാമയ്യയുടെ ചോദ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us