ബെംഗളൂരു: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത് സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി പ്രശസ്ത തെലുങ്ക് ചലച്ചിത്ര സംവിധായകൻ എസ്എസ് രാജമൗലിയെ റായ്ച്ചൂർ ജില്ലയുടെ തെരഞ്ഞെടുപ്പ് ഐക്കണായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ നിയമിച്ചു. വോട്ടിങ്ങിനെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായാണ് തെരഞ്ഞെടുപ്പ് വേളകളിൽ കായിക താരങ്ങൾ, ചലച്ചിത്ര സംവിധായകർ, അഭിനേതാക്കൾ എന്നിവരെ ഇത്തരത്തിൽ തെരഞ്ഞെടുപ്പ് ഐക്കണായി നിയമിക്കുന്നത്. റായ്ച്ചൂർ ജില്ലയിൽ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഐക്കണായി രാജമൗലിയെ തിരഞ്ഞെടുത്തതായി ജില്ല കലക്ടർ ചന്ദ്രശേഖര നായിക അറിയിക്കുകയായിരുന്നു.
ജില്ലയിലെ മാനവി താലൂക്കിലെ അമരേശ്വർ ക്യാമ്പിൽ നിന്നാണ് അദ്ദേഹം തെരഞ്ഞെടുപ്പ് ഐക്കണായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രശസ്ത തെലുങ്ക് ചലച്ചിത്ര സംവിധായകനായത് കൊണ്ട് തന്നെ ആളുകൾക്ക് വേഗത്തിൽ തിരിച്ചറിയാനാവുമെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്നും കലക്ടർ പറഞ്ഞു. തെരഞ്ഞെടുപ്പിനെയും വോട്ടിംഗിനെയും കുറിച്ച് വിവിധ സന്ദേശങ്ങളിലൂടെയും വീഡിയോകളിലൂടെയും ജനങ്ങളെ ബോധവത്കരിക്കുകയാണ് തെരഞ്ഞെടുപ്പ് ഐക്കണായി തെരഞ്ഞെടുക്കപ്പെട്ടവരുടെ പ്രധാന ദൗത്യം.
ഒരു തരത്തിലും ജനങ്ങൾക്ക് നൽകുന്ന ബോധവത്കരണത്തിൽ ഒരു പ്രത്യേക പാർട്ടിയേയും സ്ഥാനാർത്ഥിയെയോ കുറിച്ച് പരാമർശം ഉണ്ടാകില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.