നഗ്നചിത്രങ്ങൾ അയച്ചു എന്നുള്ള സ്‌ക്രീൻഷോട്ടുമായി രൂപ, വനിതാ ഉദ്യോഗസ്ഥരുടെ പോര് മുറുകുന്നു 

ബെംഗളൂരു: കർണാടകത്തിലെ വനിതാ ഐ.എ.എസ്., ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ സാമൂഹികമാധ്യമങ്ങളിലൂടെയുള്ള ചെളിവാരിയേറ് തുടരുന്നു.

രണ്ടു ദിവസത്തെ ആരോപണങ്ങൾക്ക് പിന്നാലെ മൂന്നാം ദിവസവും ഡി.രൂപ മൊദുഗിൽ ഐ.പി.എസ് ഫെയ്സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. ഐ.എ.എസ്. ഉദ്യോഗസ്ഥയായ രോഹിണി സിന്ദൂരി നഗ്‌നചിത്രങ്ങൾ അയച്ചു നൽകിയെന്ന് ആരോപിച്ചാണ് തിങ്കളാഴ്ച ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്.

അയച്ചു നൽകിയ നഗ്‌നചിത്രങ്ങൾ പിന്നീട് ഡിലീറ്റ് ചെയ്തതാണെന്ന് അവകാശപ്പെട്ട് ഒരു സ്‌ക്രീൻഷോട്ടും ഇവർ പങ്കുവെച്ചിട്ടുണ്ട്. ചില സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തും ‘അതിമനോഹര’മാണെന്നുള്ള ഒരു മറുപടിയുമാണ് സ്ക്രീൻഷോട്ടിലുള്ളത്. അതേസമയം, ആർക്കാണ് ഈ സന്ദേശം അയച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല.

ഡിലീറ്റ് ചെയ്ത നഗ്നചിത്രങ്ങളെക്കുറിച്ച്‌ രോഹിണി സിന്ദൂരി മാധ്യമങ്ങളോട് വിശദീകരിക്കുമോ എന്നായിരുന്നു ചോദ്യം. ഇത് അവരുടെ നമ്പർ തന്നെയല്ലേ, ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥയ്ക്ക് നഗ്നചിത്രങ്ങൾ അയക്കാൻ കഴിയുമോ? എന്തിനാണ് അവർ നഗ്നചിത്രങ്ങൾ അയച്ചത്? ഒത്തുതീർപ്പിന്റെ ഭാഗമായാണോ? അതോ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞ ആരോപണങ്ങളിൽ തുടർ നടപടികൾ തടയാൻ വേണ്ടിയാണോ? അവർ ഉത്തരം പറയണം എന്നും രൂപ ഫെയ്സ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ ദിവസം രോഹിണിയുടെ ചില സ്വകാര്യചിത്രങ്ങൾ ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. മൂന്ന് ഐ.എ.എസ്. ഉദ്യോഗസ്ഥർക്ക് രോഹിണി സിന്ദൂരി അയച്ചുനൽകിയ ചിത്രങ്ങളാണിതെന്ന് അവകാശപ്പെട്ടതാണ് ചിത്രങ്ങൾ രൂപ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. സർവീസ് ചട്ടപ്രകാരം ഐ.എ.എസ്. ഉദ്യോഗസ്ഥർ ഇത്തരം ചിത്രങ്ങൾ അയച്ചുനൽകുന്നത് കുറ്റകരമാണെന്നും ഇതൊരു വ്യക്തിപരമായ കാര്യമല്ലെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.

അതേസമയം, രൂപയുടെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും മാനസികനില തെറ്റിയപോലെയാണ് അവർ പെരുമാറുന്നതെന്നും രോഹിണി സിന്ദൂരി പ്രതികരിച്ചു. തന്റെ സാമൂഹികമാധ്യമങ്ങളിൽ നിന്നും വാട്‌സാപ്പ് സ്റ്റാറ്റസുകളിൽ നിന്നും സ്‌ക്രീൻഷോട്ടെടുത്ത ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രങ്ങളെല്ലാം ചില ഉദ്യോഗസ്ഥർക്ക് അയച്ചതാണ് അവരുടെ അവകാശവാദം. അങ്ങനെയാണെങ്കിൽ ആ ഉദ്യോഗസ്ഥരുടെ പേര് വെളിപ്പെടുത്താൻ ആവശ്യപ്പെടുന്ന രൂപയ്‌ക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും രോഹിണി സിന്ദൂരി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us