ബെംഗളൂരു : കര്‍ണാടകയില്‍ വിവാഹ സംഘം പ്രാര്‍ഥനക്ക് എത്തുന്നതിന് മുന്നോടിയായി അയിത്തം ആരോപിച്ച് ക്ഷേത്രം അടച്ചു.ഗദാഗ് ജില്ലയിലെ ശ്യഗോതി ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞയാഴ്ച ശരണു മഡാര്‍ എന്ന കര്‍ഷകന്‍റെ വിവാഹദിനത്തിലായിരുന്നു സംഭവം. വിവാഹത്തിന് മുന്നോടിയായുള്ള ‘ദേവര കാര്യ’ പൂജകള്‍ക്കായി ശരണുവും കുടുംബാംഗങ്ങളും ദ്യാമവ്വ ക്ഷേത്രത്തിലേക്ക് എത്തിയതായിരുന്നു.
എന്നാല്‍, ക്ഷേത്രവും വഴിയിലെ കടകളുമെല്ലാം അടഞ്ഞുകിടക്കുന്ന കാഴ്ചയാണ് കാണാനായത്.സവര്‍ണജാതിയില്‍ പെട്ട ചിലയാളുകളുടെ നിര്‍ദേശപ്രകാരമാണ് ക്ഷേത്രവും കടകളും അടച്ചിട്ടതെന്ന് ശരണുവിന്‍റെ കുടുംബം ആരോപിച്ചു. താഴ്ന്ന ജാതിക്കാരായ കുടുംബം എത്തുമ്പോൾ കടകള്‍ തുറന്നാല്‍ 2500 രൂപ പിഴയീടാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായാണ് ആക്ഷേപം. ജനുവരി 21ന് നടന്ന ഔദ്യോഗിക പരിപാടിയിലാണ് ഗദാഗ് ഡെപ്യൂട്ടി കമീഷണറുടെ ശ്രദ്ധയില്‍ ഈ വിഷയം എത്തിയത്.
തുടര്‍ന്ന് തഹസില്‍ദാറോട് സ്ഥലം സന്ദര്‍ശിച്ച് പ്രശ്നം പരിഹരിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. എന്നാല്‍, ഫലപ്രദമായ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും പ്രശ്നം വീണ്ടുമുയര്‍ന്നതിനെ തുടര്‍ന്ന് മേഖലയില്‍ പൊലീസിനെ വിന്യസിച്ചിരിക്കുകയാണെന്നും പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്തുകൊണ്ടാണ് ക്ഷേത്രം അടച്ചിട്ടതെന്ന് ശരണുവിന്‍റെ കുടുംബം ചോദിച്ചപ്പോള്‍, രാവിലെ മുതല്‍ക്കേ അടച്ചിട്ടിരിക്കുകയായിരുന്നു എന്ന മറുപടിയാണ് ലഭിച്ചത്.
എന്നാല്‍, രാവിലെ കടകളും ക്ഷേത്രവും തുറന്നിരുന്നുവെന്നും തങ്ങള്‍ വരുന്നതിന് മുന്നോടിയായാണ് അടച്ചതെന്നും ഇവര്‍ തഹസില്‍ദാര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.’ ഞങ്ങളുടെ കുടുംബത്തില്‍ എന്ത് പരിപാടിയുണ്ടായാലും കടകള്‍ അടക്കും. പിഴ അടക്കേണ്ടിവരുമെന്ന ഭയത്താലാണ് കടക്കാര്‍ അങ്ങനെ ചെയ്യുന്നത്. ഈ സാഹചര്യം നിരവധി ഗ്രാമങ്ങളിലുണ്ട്. ഇതിന്‍റെ കാരണം തുറന്നുപറയാനും കടയുടമകള്‍ തയാറല്ല.
കടകളില്‍ നിന്ന് എന്തെങ്കിലും സാധനം ആവശ്യപ്പെട്ടാല്‍ അത് ഇല്ല എന്ന മറുപടിയാണ് കിട്ടാറ്. ഈ പ്രശ്നത്തെ തുടര്‍ന്ന് ക്ഷേത്രത്തില്‍ തഹസില്‍ദാര്‍ നേരത്തെ സമാധാന യോഗം വിളിച്ചിരുന്നു. യോഗത്തിലെ തീരുമാനങ്ങള്‍ അംഗീകരിക്കാമെന്ന് സവര്‍ണജാതിയില്‍പെട്ടവര്‍ അന്ന് സമ്മതിച്ചിരുന്നെങ്കിലും പിന്നീട് പഴയ രീതിയിലേക്ക് തന്നെ മടങ്ങുകയായിരുന്നു’ -ശരണു പറയുന്നു.ഗ്രാമത്തില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും സാമൂഹിക സമത്വത്തെ കുറിച്ച് ബോധവത്കരണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഗദാഗ് തഹസില്‍ദാര്‍ കിഷന്‍ കലാല്‍ പറഞ്ഞു.
അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇത്തരം ഒരു രീതി അവസാനിപ്പിക്കാനായി കര്‍ശന നിര്‍ദേശം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.