ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ 12 നമ്മ ക്ലിനിക്കുകൾ ആരംഭിക്കും. ക്ലിനിക്ക് തുടങ്ങുന്നതിനുള്ള സർക്കാരിന്റെ ഗ്രീൻ സിഗ്നലിനായി കാത്തിരിക്കുകയാണ് ആരോഗ്യ കുടുംബക്ഷേമ വകുപ്പ്. നമ്മ ക്ലിനിക്കുകൾ ആരംഭിക്കുന്നതിനുള്ള മരുന്നുകൾ, ഫർണിച്ചറുകൾ എന്നിവയുടെ സംഭരണം ഉൾപ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്.
സാംക്രമികേതര രോഗങ്ങൾ കണ്ടെത്തുന്നത് എളുപ്പമാക്കുന്നതിനും കൂടുതൽ ചികിത്സ ആവശ്യമുള്ള രോഗികളെ വിദഗ്ധരുടെ അടുത്തേക്ക് റഫർ ചെയ്യുന്നതിനുമായി നമ്മ ക്ലിനിക്കുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിരുന്നു.
12 നമ്മ ക്ലിനിക്കുകളിൽ, മംഗളൂരു സിറ്റി കോർപ്പറേഷൻ പരിധിയിലെ ബോലൂർ, ഹോയ്ജ് ബസാർ, സറ്റർപേട്ട്, കുഞ്ചത്ത്ബെയിൽ, മീനകാലിയ, പച്ചനടി, കോടിക്കൽ എന്നിവിടങ്ങളിലായി ഏഴെണ്ണം അനുവദിച്ചിട്ടുണ്ട്. മൂഡ്ബിദ്രിയിലെ ഗന്തൽകട്ടെ, ഉള്ളാളിലെ പെർമന്നൂർ, പുത്തൂർ, സുള്ള്യ, കഡബ എന്നിവിടങ്ങളിൽ ഒരെണ്ണം വീതം വരും.
മുപ്പതിനായിരത്തോളം ജനസംഖ്യയുള്ള പ്രദേശങ്ങളിലാണ് നമ്മ ക്ലിനിക്കുകൾ വരുന്നത്. ഓരോ നമ്മ ക്ലിനിക്കിലും ഒരു ഡോക്ടർ, ഒരു സ്റ്റാഫ് നഴ്സ്, ഒരു ലാബ് ടെക്നീഷ്യൻ, ഒരു ഗ്രൂപ്പ് ഡി സ്റ്റാഫ് എന്നിവരുണ്ടാകും. ഇതിനാവശ്യമായ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്.
ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ വർധിപ്പിക്കുക, നഗരപ്രദേശങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ആരോഗ്യപരിരക്ഷ കൂടുതൽ പ്രാപ്യമാക്കുക എന്നിവയാണ് നമ്മ ക്ലിനിക്കുകളുടെ പ്രധാന ലക്ഷ്യം, ചേരിപ്രദേശങ്ങളിലും ദുർബലരായ ആളുകൾ, പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളികൾ താമസിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നമ്മ ക്ലിനിക്കുകൾ സാധാരണ രോഗങ്ങൾക്കും അടിയന്തിര വൈദ്യസഹായം ആവശ്യമുള്ള മറ്റേതെങ്കിലും രോഗങ്ങൾക്കും ചികിത്സ നൽകും. ഇത് പ്രാരംഭ ഘട്ടത്തിൽ രോഗങ്ങളെ നിയന്ത്രിക്കാൻ സഹായിക്കും. നിലവിലുള്ള സർക്കാർ ആശുപത്രികളുടെ ഭാരം കുറയ്ക്കാനും നമ്മ ക്ലിനിക്ക് സഹായിക്കുമെന്ന് ഡിഎച്ച്ഒ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.