ബെംഗളൂരു: ബിഎംടിസിയും കെഎസ്ആർടിസിയും ഉൾപ്പെടെയുള്ള സർക്കാർ ഉടമസ്ഥതയിലുള്ള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെ പ്രവർത്തനങ്ങൾ സ്വകാര്യവത്കരിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. ഇലക്‌ട്രിക് ബസുകളിലേക്ക് മാറാനുള്ള നടപടികൾ ആരംഭിച്ച സർക്കാർ 2030 ഓടെ മുഴുവൻ വാഹനങ്ങളെയും ഇലക്ട്രിക് ബസുകളാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് ഗതാഗത മന്ത്രി ബി ശ്രീരാമുലു പറഞ്ഞു. ഗ്രോസ് കോസ്റ്റ് കോൺട്രാക്ട് സമ്പ്രദായത്തിന് കീഴിൽ 12 വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ബസുകൾ ഓടുമെന്നും അദ്ദേഹം പറഞ്ഞു.
‘ഇ-ബസുകൾ സംസ്ഥാന സർക്കാരിനെ ചെലവ് ചുരുക്കാൻ സഹായിക്കും’
ഇലക്‌ട്രിക് ബിഎംടിസി ബസുകളുടെ വിശദാംശങ്ങൾ ചോദിച്ച കോൺഗ്രസ് എംഎൽഎ തൻവീർ സെയ്തിന് മറുപടിയായി, സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം 90 ഇലക്ട്രിക് ബസുകൾ കരാർ അടിസ്ഥാനത്തിൽ എടുത്തിട്ടുണ്ടെന്ന് ശ്രീരാമുലു പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിൾസ് -2 (ഫെയിം-2) പദ്ധതിക്ക് കീഴിൽ 300 ബസുകൾ കരാറിൽ എടുക്കുമെന്നും, അതിൽ 75 ബസുകൾ ഇതിനകം ബെംഗളൂരു റോഡുകളിൽ ഓടുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതുകൂടാതെ കൺവെർജൻസ് എനർജി സർവീസസ് ലിമിറ്റഡിന് കീഴിൽ 921 ഇലക്ട്രിക് ബസുകൾക്കായി ഓർഡർ നൽകിയിട്ടുണ്ട്. ഡീസൽ വില വർധിക്കുന്നതിനാൽ, ഇലക്ട്രിക് ബസുകളിലേക്ക് മാറുന്നത് ചെലവ് ലാഭിക്കാൻ ഞങ്ങളെ സഹായിക്കുമെന്നും ഇത് പരിസ്ഥിതി സൗഹൃദമാണെന്നും അദ്ദേഹം പറഞ്ഞു. ബിഎംടിസി, കെഎസ്ആർടിസി, എൻഇആർടിസി, എൻഡബ്ല്യുആർടിസി എന്നിവയുടെ കീഴിൽ നിലവിൽ 35,000 ബസുകൾ സർവീസ് നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലേലം വിളിച്ചയാളാണ് ബസുകൾ പരിപാലിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബസ് ഡിപ്പോകളും ബസ് സ്റ്റേഷനുകളും ബന്ധപ്പെട്ട കോർപ്പറേഷനുകൾ കൈകാര്യം ചെയ്യും. ഡീസൽ ബസുകളുടെ പ്രവർത്തനച്ചെലവ് കിലോമീറ്ററിന് 68.53 രൂപയാണെന്നും ഇലക്ട്രിക് ബസുകൾക്ക് കിലോമീറ്ററിന് 54 രൂപ മുതൽ 64 രൂപ വരെയാണെന്നും ശ്രീരാമുലു തന്റെ മറുപടിയിൽ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.