ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ താലൂക്കിലെ ഈശ്വരമംഗലയിൽ മദ്യപിച്ചെത്തിയ യാത്രക്കാരനോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ കെഎസ്ആർടിസി ബസ് കണ്ടക്ടറെ സസ്പെൻഡ് ചെയ്യുകയും അച്ചടക്ക അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ വൈറലായ സംഭവത്തിന്റെ വീഡിയോയിൽ, ബസിലെ വടിയിൽ മുറുകെ പിടിച്ച യാത്രക്കാരനെ കണ്ടക്ടർ ബസിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുന്നതിനിടെ കണ്ടക്ടർ അടിക്കുന്നത് കാണാം.
യാത്രക്കാരൻ ബസിൽ നിന്ന് പിൻവശത്തെ വാതിലിലൂടെ ഇറങ്ങുമ്പോൾ, കണ്ടക്ടർ അദ്ദേഹത്തെ ചവിട്ടുകായും അതോടെ യാത്രക്കാരൻ നിലത്തുവീണഴുന്നതും തുടർന്ന് യാത്രക്കാരന് ബോധമുണ്ടോ എന്ന് പരിശോധിച്ച ശേഷം കണ്ടക്ടർ ഡ്രൈവറോട് ബസ് മുന്നോട്ട് പോകാൻ ആവശ്യപ്പെടുകയും വാതിലടയ്ക്കുകയും ചെയ്യുന്നത് വിഡിയോയിൽ ദൃശ്യമാണ്.
എഫ് 0002 ഷെഡ്യൂൾ നമ്പർ 159/160 നമ്പർ വാഹനത്തിൽ ഡ്യൂട്ടി ചെയ്ത പുത്തൂർ ഡിപ്പോയിലെ കണ്ടക്ടർ സുഖ്‌രാജ് റായി ഈശ്വരമംഗലയ്ക്ക് സമീപം മദ്യപിച്ച യാത്രക്കാരനെ ബസിൽ നിന്ന് തള്ളിയിട്ടതും യാത്രക്കാരൻ താഴെ വീണതുമായ സംഭവത്തിൽ കണ്ടക്ടർ യാത്രക്കാരനോട് അപമര്യാദയായും മനുഷ്യത്വരഹിതമായും പെരുമാറിയതായി കെഎസ്ആർടിസി പ്രസ്താവനയിൽ പറഞ്ഞു.
കണ്ടക്ടർക്കെതിരെ കർശനമായ അച്ചടക്ക നടപടി ആരംഭിച്ചിട്ടുണ്ട്. അദ്ദേഹത്തെ ചുമതലകളിൽ നിന്ന് നിർത്തി സസ്‌പെൻഷനിലാക്കിയിരിക്കുകയാണ്. യാത്രക്കാരോട് മാന്യമായി പെരുമാറാനുള്ള പരിശീലനവും അറിവും ജീവനക്കാര്ക്ക് നൽകിയിട്ടും സങ്കടകരമായ ഈ സംഭവം അരങ്ങേറിയിരിക്കുകയാണ് എന്നും അധികൃതർ അറിയിച്ചു.
ഇത്തരം സംഭവങ്ങൾക്ക് ഉത്തരവാദികളായ ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കെഎസ്ആർടിസി മുന്നറിയിപ്പ് നൽകി. യാത്രക്കാരുടെ ചികിത്സാച്ചെലവ് കോർപ്പറേഷൻ വഹിക്കുമെന്നും സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.