അനധികൃത നിര്‍മാണം; ഇരട്ട ടവറുകള്‍ ഇന്ന് തകര്‍ക്കും

ഉത്തർപ്രദേശ്: നോയിഡയിൽ ഇന്ന് സുപ്രീം കോടതിയുടെ ഒരു ഉത്തരവ് പ്രകാരം അനധികൃതമായി നിർമ്മിച്ച സൂപ്പർടെക് ഇരട്ട കെട്ടിടങ്ങൾ ഇന്ന് പൊളിച്ചു നീക്കും. ഉച്ചയ്ക്ക് ശേഷം 2.30ന് കെട്ടിടങ്ങൾ തകർക്കും. ഇന്ത്യയിൽ തകർക്കപ്പെടുന്ന ഏറ്റവും വലിയ കെട്ടിടമാണിത്.കെട്ടിട നിര്‍മാണച്ചട്ടങ്ങള്‍ അനുസരിച്ചുള്ള ചുരുങ്ങിയ അകലം പാലിക്കാതെ നിര്‍മിച്ചുവെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ടതിനെത്തുടര്‍ന്നാണ് ഈ ബഹുനിലക്കെട്ടിടം പൊളിക്കുന്നത്. കൊച്ചി, മരടില്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പു നിയന്ത്രിത സ്‌ഫോടനത്തിലൂടെ കെട്ടിടം പൊളിക്കാനുള്ള കരാര്‍ എഡിഫൈസ് എന്‍ജിനീയറിംഗ് എന്ന സ്ഥാപനത്തിനാണ് ലഭിച്ചത്. നിയന്ത്രിത സ്‌ഫോടനത്തിലൂടെ കെട്ടിടങ്ങള്‍ പൊളിക്കുന്നതില്‍ 20 വര്‍ഷത്തെ അനുഭവപരിചയമുള്ള ചേതന്‍ ദത്തയെയാണ് കമ്പനി ഈ ദൗത്യവും ഏല്‍പിച്ചിരിക്കുന്നത്. ചട്ടങ്ങള്‍ ലംഘിച്ചുള്ള നിര്‍മാണ കണ്ടെത്തിയതിനെത്തുടര്‍ന്ന് കെട്ടിടം പൊളിക്കാന്‍ 2021 ഓഗസ്റ്റിലാണ് സുപ്രീം കോടതി ഉത്തരവിട്ടത്. യുപി അപ്പാര്‍ട്ട്മെന്റ് ആക്ട് പ്രകാരം വ്യക്തിഗത ഫ്ളാറ്റ് ഉടമകളുടെ സമ്മതം വാങ്ങാതെയാണ് കെട്ടിടങ്ങള്‍ അനധികൃതമായി നിര്‍മ്മിച്ചിരിക്കുന്നതെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു.

അപ്പെക്‌സ്, സിയാന്‍ എന്നിങ്ങനെ രണ്ടു ടവറുകളാണ് സൂപ്പര്‍ടെക് അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിനുള്ളത്. നോയിഡയിലെ സെക്ടര്‍ 93-എയില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ ഒരു ടവറിന് 103 മീറ്റര്‍ ഉയരവും മറ്റൊന്നിന് 97 മീറ്ററോളം ഉയരവുമാണ് ഉള്ളത്. സൂപ്പര്‍ടെക് എമറാള്‍ഡ് കോര്‍ട്ട് പ്രോജക്ടില്‍ ഏകദേശം 1.13 കോടി രൂപയാണ് ഒരു 3 ബിഎച്ച്കെ അപ്പാര്‍ട്ട്മെന്റിന്റെ വില. രണ്ട് കെട്ടിടങ്ങളിലായി ഏകദേശം 1,200 കോടി രൂപ വരുമാനം ലഭിക്കുന്ന 915 ഫ്ളാറ്റുകളാണ് ഉണ്ടായിരുന്നത്. ഇവയില്‍ 633 ഫ്‌ളാറ്റുകള്‍ വിറ്റതിലൂടെ കമ്പനിക്ക് 180 കോടിയോളം ലഭിച്ചിരുന്നു. കെട്ടിടം പൊളിക്കുന്നതിനാല്‍ ഫ്‌ളാറ്റ് ഉടമകള്‍ക്ക് പണം 12 ശതമാനം പലിശ സഹിതം തിരികെ നല്‍കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇത് സൂപ്പര്‍ടെക്കിന് വന്‍ നഷ്ടമായിരിക്കും സമ്മാനിക്കുക. കെട്ടിടങ്ങളുടെ നിര്‍മ്മാണച്ചെലവു മാത്രം 70 കോടി രൂപയായിരുന്നു. ഇത് പൊളിക്കാന്‍ സക്വയര്‍ ഫീറ്റിന് 267 കോടി രൂപ ചെലവാകും. അതായത് 7.5 ലക്ഷം സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള ഇരട്ട ടവറുകള്‍ നിലംപൊത്തണമെങ്കില്‍ 20 കോടി രൂപയെങ്കിലും ചെലവു വരും.

3700 കിലോ സ്‌ഫോടകവസ്തുക്കളാണ് കെട്ടിടത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. ഡൈനാമൈറ്റ്, എമല്‍ഷന്‍, പ്ലാസ്റ്റിക് സ്ഫോടകവസ്തുക്കള്‍ എന്നിവയുടെ മിശ്രിതമാണിത്. പൊളിക്കാന്‍ ചിലവാക്കുന്ന തുകയില്‍ സൂപ്പര്‍ടെക്ക് ഏകദേശം 5 കോടി രൂപ നല്‍കും. ബാക്കി 15 കോടി രൂപ 4,000 ടണ്‍ സ്റ്റീല്‍ ഉള്‍പ്പെടെയുള്ള 55,000 ടണ്‍ അവശിഷ്ടങ്ങള്‍ വിറ്റ് എഡിഫൈസ് എന്‍ജിനീയറിംഗ് കമ്പനി തന്നെ കണ്ടെത്തും. സ്‌ഫോടനം നടക്കുമ്പോള്‍ സ്മീപത്തുണ്ടാകാനിടയുള്ള നാശനഷ്ടങ്ങള്‍ക്ക് 100 കോടി രൂപയുടെ ഇന്‍ഷുറന്‍സ് കവറേജും ഏര്‍പ്പാടാക്കിയിട്ടുണ്ട്. കൊച്ചിയില്‍ കണ്ടതു പോലെ ഗതാഗതം ഉള്‍പ്പെടെ നിയന്ത്രിച്ചു കൊണ്ട് കനത്ത സുരക്ഷാ സംവിധാനങ്ങളും പോലീസിന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us