തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് ഉൽപാദിപ്പിക്കുന്ന ജവാന് റമ്മിന്റെ പേര് മാറ്റാൻ നിവേദനം. സ്വകാര്യവ്യക്തി നികുതി വകുപ്പിന് സമർപ്പിച്ച നിവേദനം പതിവ് നടപടിക്രമങ്ങൾക്കനുസരിച്ച് എക്സൈസ് കമ്മീഷണർക്ക് കൈമാറി. സെക്രട്ടേറിയറ്റിൽ ലഭിക്കുന്ന ഏത് തരത്തിലുള്ള പരാതിയും നടപടിക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുന്നതാണ് രീതി.
പരാതിയിൽ കഴമ്പുണ്ടെങ്കിൽ സർക്കാർ തുടർനടപടി സ്വീകരിക്കും. ഇല്ലെങ്കിൽ നടപടികൾ അവസാനിപ്പിക്കും. ജവാൻ എന്ന പേര് മദ്യത്തിന് ഉപയോഗിക്കുന്നത് സൈനികർക്ക് നാണക്കേടാണെന്ന് പരാതിയിൽ പറയുന്നു. സർക്കാർ സ്ഥാപനമായതിനാൽ പേര് മാറ്റാൻ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. സർക്കാർ ഉത്പാദിപ്പിക്കുന്ന പ്രമുഖ മദ്യ ബ്രാൻഡായതിനാൽ പരാതി തള്ളാനാണ് സാധ്യത.
ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് തിരുവല്ലയിലാണ് സ്ഥിതി ചെയ്യുന്നത്. നിലവിൽ 4 ലൈനുകളിലായി 7,500 കെയ്സ് ജവാൻ മദ്യമാണ് ഒരു ദിവസം ഉൽപാദിപ്പിക്കുന്നത്. 6 പ്രൊഡക്ഷൻ ലൈനുകൾ കൂടി അനുവദിക്കണമെന്ന സ്ഥാപനത്തിന്റെ ആവശ്യം പരിഗണനയിലാണ്. 6 ലൈനുകൾ കൂടി ചേർക്കുന്നതോടെ പ്രതിദിനം 10,000 കെയ്സ് അധികമായി ഉത്പാദിപ്പിക്കാൻ കഴിയും. ഒരു ലൈൻ സ്ഥാപിക്കാൻ 30 ലക്ഷം രൂപ ചെലവാകുമെന്നാണ് കമ്പനിയുടെ കണക്ക്. ജവാന്റെ 1.50 ലക്ഷം കെയ്സ് മദ്യമാണ് ഒരു മാസം വിൽക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.