ബെംഗളൂരു: ഭാര്യയുടെ സൗന്ദര്യത്തെ ഭയന്ന് മുഖത്ത് ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസിൽ 44 കാരനായ ഓട്ടോ ഡ്രൈവർക്ക് ജീവപര്യന്തം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2017 ജൂലായ് 14 ന് കെംപഗൗഡ നഗറിലെ സന്യാസിപാല്യയിലെ വീട്ടിൽവെച്ചാണ് മഞ്ജുളയുടെ മേൽ പ്രതി ചെന്നെഗൗഡ ആസിഡ് എറിഞ്ഞത്.
മഞ്ജുളയുടെ സൗന്ദര്യം കാരണം പുരുഷന്മാരുടെ ശ്രദ്ധ ആകർഷിക്കുന്നതായി തോന്നിയ സംശയത്തെ തുടർന്നാണ് ഭർത്താവ് യുവതിക്ക് നേരെ ആസിഡ് ഒഴിച്ചത്. ഇയാളുടെ ശല്യം സഹിക്കവയ്യാതെ, സംഭവത്തിന് നാല് ദിവസം മുമ്പ് യുവതി ജോലി പോലും ഉപേക്ഷിച്ചിരുന്നു. മുഖത്തും കൈകളിലും കാലുകളിലും വയറിലും പൊള്ളലേറ്റ മഞ്ജുള രണ്ട് മാസത്തിന് ശേഷമാണ് വിക്ടോറിയ ആശുപത്രിയിലെ പൊള്ളലേറ്റ വാർഡിൽ മരണത്തിന് കീഴടങ്ങിയത്. 46-ാം സി സി എച്ച് കോടതിയാണ് ചെന്നെഗൗഡയെ ശിക്ഷിച്ചത്. 21 വർഷത്തോളം വിവാഹജീവിതം നയിച്ചിരുന്ന ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി അഞ്ച് ദിവസത്തിന് ശേഷമാണ് പിടിയിലായത്. അയാളുടെ ഒരു സുഹൃത്താണ് ആസിഡ് വാങ്ങാൻ സഹായിച്ചത്. ഇരയായ യുവതി ആശുപത്രിയിൽ മരണമൊഴി നൽകിയിരുന്നു. ബുധനാഴ്ചയാണ് വിധി പ്രസ്താവിച്ചത്. പ്രതിക്ക് ആസിഡ് വിതരണം ചെയ്തയാളെ കേസിൽ സാക്ഷിയാക്കി, 46-ാം സി സി എച്ച് കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർ കെഎസ് ലത പറഞ്ഞു. വഴക്കുകൾ പതിവായതോടെ ഭർത്താവിനെ ഉപേക്ഷിച്ച് മക്കൾക്കൊപ്പം വേറിട്ട് ജീവിക്കുകയായിരുന്നു മഞ്ജുള.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.