ബെംഗളൂരു: പരികൃഷ്‌ടമാക്കിയ പത്താം ക്ലാസ് കന്നഡ പുസ്തക പാഠത്തിൽ ആർ എസ് എസ് സ്ഥാപക നേതാവ് കേശവ് ബലിറാം ഹെഡ്‌ഗോവാറിന്റെ പ്രസംഗം ഉൾപ്പെടുത്തിയ സംഭവം കർണാടകയിൽ വീണ്ടും വിവാദം സൃഷ്ടിച്ചു.
അധ്യയന വർഷത്തെ പത്താം ക്ലാസ്സ് കന്നഡ ഭാഷ പുസ്തകത്തിലാണ് പ്രസംഗം ഉൾപ്പെടുത്തിയിരിക്കുന്നത്. ഭഗത് സിംഗിന്റെ പ്രസംഗം ഒഴിവാക്കിയാണ് പ്രസംഗം ഉൾപ്പെടുത്താൻ തീരുമാനിച്ചത്.
സർക്കാറിന്റെ നടപടിക്കെതിരെ ഓൾ ഇന്ത്യ ഡെമോക്രാറ്റിക് സറ്റുഡന്റ്‌സ് ഓർഗനൈസേഷനും ഓൾ ഇന്ത്യ സേവ് എജ്യൂക്കേഷൻ കമ്മിറ്റിയും പരാതിയുമായി രംഗത്തെത്തി. നമ്മുടെ നവോത്ഥാന നായകരും മഹത്തായ സ്വാതന്ത്ര്യ സമര സേനാനികളും ജനാധിപത്യപരവും ശാസ്ത്രീയവും മതേതരവുമായ വിദ്യാഭ്യാസ സമ്ബ്രദായമാണ് ആഗ്രഹിച്ചത്. പക്ഷേ ഇതുവരെ ഭരിച്ച എല്ലാ രാഷ്ട്രീയ പാർട്ടികളും പാഠപുസ്തകങ്ങളിൽ തങ്ങളുടെ അജണ്ട കുത്തി നിറക്കുകയാണെന്ന് സംഘടനകൾ ആരോപിച്ചു.
23ാം വയസ്സിൽ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച വിപ്ലകാരി ഭഗത് സിംഗിനെകുറിച്ചുള്ള പാഠം ഒഴിവാക്കി, ആളുകൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കി വർഗീയ വിദ്വേഷം പരത്തിയ ആർ എസ് എസ് സ്ഥാപകന്റെ പ്രസംഗമാണ് എഴുതിയിരിക്കുന്നത്.
ഭഗത് സിംഗ് വെളിപ്പെടുന്ന രാജ്യത്തിൻ്റെ സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ മഹാനായ വിപ്ലകാരികളോട് ഭരണകക്ഷിയായ ബി ജെ പിക്കും സംഘപരിവാറിനും യാതൊരു പരിഗണനയും ഇല്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.
എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ പി ലങ്കേഷിന്റെ മരുഗു മട്ടു സുന്ദരി, സാറാ അബൂബക്കറിന്റെ യുദ്ധം, എ എൻ മൂർത്തിറാവുവിന്റെ വ്യഗ്രഗീതേ എന്നിവയും നീക്കം ചെയ്തിട്ടുണ്ടെന്ന് എ ഐ ഡി എസ് ഒ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, പാഠപുസ്തക സമതിക്കെതിരെ വലിയ പ്രതിഷേധമാണ് നിലവിൽ ഉയരുന്നത്. വിദ്യാഭ്യാസ രംഗത്ത് ബി ജെ പി അജണ്ട ഉൾപ്പെടുത്താനാണ് സർക്കാർ ഈ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നതെന്ന് വിദ്യാഭാസ സംഘടനകൾ ആരോപിച്ചു. ഈ പാഠഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.