വാക്സിനെടുക്കാൻ നിർബന്ധിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് ചാമരാജനഗർ നിവാസികൾ

ബെംഗളൂരു: കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ ആരോഗ്യപ്രവർത്തകർ നിർബന്ധിച്ചാൽ ആത്മഹത്യചെയ്യുമെന്ന് ചാമരാജനഗർ ജില്ലയിലെ ഗുണ്ടൽപേട്ട് താലൂക്കിലുള്ള ശിവപുരയിലെ ആളുകൾ.

വാക്സിൻ നൽകാൻ ഗ്രാമത്തിലെത്തിയ ആശാപ്രവർത്തകരോടാണ് ഇവർ ഇക്കാര്യം വ്യക്തമാക്കിയത്. ചൊവ്വാഴ്ച കോവിഡ് കർമസമിതിയുടെ യോഗം ജില്ലാചുമതലയുള്ള മന്ത്രി എസ്. സുരേഷ് കുമാറിന്റെ അധ്യക്ഷതയിൽ ശിവപുര ഗ്രാമപ്പഞ്ചായത്തിൽ നടന്നിരുന്നു. ഈ യോഗത്തിലാണ് ഗ്രാമവാസികളുടെ ഭീഷണിയെക്കുറിച്ച് ആശാപ്രവർത്തകർ മന്ത്രിയെ അറിയിച്ചത്.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റോ അംഗങ്ങളോ ആളുകളെ ബോധവത്കരിക്കാൻ താത്പര്യം കാണിക്കുന്നില്ലെന്നും ആശാപ്രവർത്തകർ പറഞ്ഞു. വീടുകളിലെത്തി വാക്സിൻ നൽകുന്ന യജ്ഞപ്രകാരം ഒരുവീട്ടിലെത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരനെ അരിവാളുമായി ആക്രമിക്കാൻ ശ്രമിച്ച സംഭവവും ഗുണ്ടൽപേട്ട് താലൂക്കിൽ റിപ്പോർട്ടുചെയ്തു.

ബാരഗി കോളനിയിലെ മുനിയപ്പയെന്ന ഭിന്നശേഷിക്കാരനോട് വാക്സിനെടുക്കാൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു സംഭവം. ഉടൻതന്നെ മുനിയപ്പയുടെ മുത്തശ്ശി അരിവാൾ പിടിച്ചുവാങ്ങിയതിനാൽ അപായം ഒഴിവായി.

വീട്ടിൽനിന്ന് ഓടിരക്ഷപ്പെട്ട ആരോഗ്യവകുപ്പ് ജീവനക്കാരൻ പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചു. തുടർന്ന് അധികൃതരെത്തി വാക്സിനേഷന്റെ പ്രയോജനത്തെക്കുറിച്ച് മുനിയപ്പയോട് വിശദീകരിച്ചെങ്കിലും കുത്തിവെപ്പ് എടുക്കാൻ കൂട്ടാക്കിയില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us