നോർക്ക ക്ഷേമപദ്ധതികൾക്ക് കർണാടക മലയാളികളിൽ താല്പര്യമേറുന്നു.

ബെംഗളൂരു : 2020 ലെ കണക്കുകൾ പ്രകാരം കേരള സർക്കാർ നോർക്ക റൂട്സ്  വഴി നടപ്പാക്കുന്ന പ്രവാസി മലയാളികൾക്കായുള്ള ക്ഷേമ പദ്ധതികൾ  പ്രയോജനപെടുത്തുവാൻ അനേകം പേർ താല്പര്യപൂർവ്വം മുന്നോട്ടു വരുന്നുണ്ട് .

നോർക്കയുടെ അപകട ഇൻഷുറൻസ് തുക രണ്ടു ലക്ഷത്തിൽ നിന്നും നാല് ലക്ഷമായി സർക്കാർ  ഉയർത്തിയതും ലോക്ക് ഡൗൺ സമയത്തു ബെംഗളൂരു,കലബുരഗി,മൈസൂരു,മംഗളൂരു ,ഹോസപെട്ട് ,ബെല്ലാരി,ദാവനഗെരെ തുടങ്ങിയ മേഖലകളിൽ  നിന്നുള്ള മുപ്പതിലധികം  മലയാളി സംഘടനകളുമായി ചേർന്ന് നടത്തിയ ഹെല്പ് ഡെസ്ക് പ്രവർത്തനങ്ങളും മാധ്യമ സഹകരണവുമാണ് നോർക്ക റൂട്ട്സിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മലയാളികളുടെ അറിവിലേക്ക് എത്തിക്കുവാൻ സാധിച്ചത് എന്ന് നോർക്ക ഓഫിസർ അറിയിച്ചു.

ഇതുവരെ 11000 പേർ കർണാടകയിൽ നിന്നും നോർക്ക ഇൻഷുറൻസ് പദ്ധതിയിൽ ചേർന്നിട്ടുണ്ട്.

2020 ൽ മാത്രം കർണാടകയിൽ നിന്നും ആയിരത്തോളും പ്രവാസി മലയാളികൾ  നോർക്ക ഇൻഷുറൻസ് / തിരിച്ചറിയൽ  കാർഡ് പദ്ധതിയിൽ അംഗങ്ങളായി .

ഒപ്പം 18 മലയാളി സംഘടനകൾ അംഗങ്ങളുടെ അപേക്ഷകൾ സമാഹരിച്ചു നോർക്ക ഓഫീസിൽ നേരിട്ട് സമർപ്പിക്കുകയും ചെയ്‌തു .

18 മുതൽ 70 വയസ്സുവരെയുള്ള  പ്രവാസി മലയാളികൾക്ക് 315രൂപയുടെ ഒറ്റത്തവണ പ്രീമിയത്തിലൂടെ മൂന്നു വർഷത്തേക്ക് നാല് ലക്ഷം രൂപ വരെ ഇൻഷുറൻസ്   പരിരക്ഷ‌  ലഭിക്കുന്നതാണ് .

അപകടത്തെ തുടർന്ന് മരണം സംഭവിക്കുകയോ പൂർണമായോ ഭാഗികമായോ സ്ഥിരമായോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവർക്കാണ് പരിരക്ഷ ലഭിക്കുക. പ്രവാസി മലയാളികൾക്ക് നേരിട്ടോ,www.norkaroots.org  എന്ന വെബ് സൈറ്റില്‍ ഓൺലൈനിലൂടെയോ , മലയാളി സംഘടനകൾ, മുഖാന്തരമോ ക്ഷേമ പദ്ധതികളിൽ ചേരാവുന്നതാണ് .

വിവിധ മലയാളി സംഘടനകൾ ക്ഷേമപദ്ധതികളിൽ ചേരാൻ അംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം നോർക്കയുടെ അംഗീകാരം നേടുന്നതനിയായും മുന്നോട്ട് വരുന്നുണ്ട്.

നിലവിൽ മാനദണ്ഡങ്ങൾക്ക് വിധേയമായി കർണാടകയിൽ നിന്നും കൈരളി കൾച്ചറൽ അസോസിയേൻ, ഹൊസപെട്ട് ,കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ്, കേരള സമാജം ബാംഗ്ലൂർ, ദീപ്തി വെൽഫെയർ അസോസിയേഷൻ,കാരുണ്യ ബംഗളൂരു ചാരിറ്റബിൾ ട്രസ്റ്റ്, കൈരളി കലാസമിതി, കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ്,കൈരളി വെൽഫെയർ അസോസിയേഷൻ, ടിസി പാളയ, കൈരളി കൾച്ചറൽ അസോസിയേഷൻ, കടുകോടി എന്നീ ഒൻപത് സംഘടനകളാണ് നോർക്കയുടെ അംഗീകാരം നേടിയിട്ടുള്ളത്.

കൂടാതെ വിദേശത്തേക്ക് ജോലി തേടി പോകുന്ന മലയാളി വിദ്യാർത്ഥികളും  ഉദ്യോഗാര്ഥികളും നോർക്കയുടെ വിവിധ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സൗകര്യവും ഉപയോഗപ്പെടുത്തുന്നുണ്ട് . മിതമായ നിരക്കും വിശ്വാസതയുമാണ് ഇതിനു കാരണം.

സുരക്ഷിതവും നിയമാനുസൃതവുമായ വിദേശ  തൊഴിൽ റിക്രൂട്ട് മെന്റിന്റെ ഭാഗമായി കോവിഡ് സമയത്തും ബെംഗളൂരുവില്‍ നിന്നുള്ള അപേക്ഷകരുടെ സൗകര്യാർത്ഥം കണക്കിലെടുത്തു ഓൺലൈൻ വഴി നഴ്സസ് റിക്രൂട്ട്മെൻറ് നോർക്ക ഓഫീസിൽ നടത്തുകയുണ്ടായി.

പ്രവാസി ക്ഷേമനിധി ബോർഡിൻറെ കീഴിൽ മാസം 2000 രൂപവരെ പെൻഷൻ ലഭിക്കുന്ന പദ്ധതിക്ക്  www.pravasikerala.org എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

നോർക്ക റൂട്സിന്റെ ക്ഷേമപദ്ധതികൾ; എല്ലാ  മലയാളികളിലേക്കും  എത്തിക്കുന്നതിനു  വേണ്ടി  മലയാളി സംഘടനകളുമായി ചേർന്ന്  പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതാണ് എന്ന്  നോർക്ക റൂട്സ് ഓഫീസർ റീസ രഞ്ജിത് അറിയിച്ചു.

ശിവാജിനഗർ ഇൻഫൻട്രി റോഡിൽ ജംപ്ലാസ ബിൽഡിങ്ങിലാണ് ഓഫീസ് പ്രവർത്തിക്കുന്നത് . ഫോൺ  25585090,  ഇ -മെയിൽ [email protected]

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us