ബെംഗളൂരു: നഗരത്തിൽ കനത്ത മഴയെ അവഗണിച്ച് വിവിധ ട്രേഡ് യൂണിയനുകൾ പ്രതിഷേധ മാർച്ച് നടത്തി. കേന്ദ്രസർക്കാർ നയങ്ങൾക്കെതിരേ സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനംചെയ്ത പണിമുടക്കിനോട് അനുബന്ധിച്ചാണ് ബെംഗളൂരുവിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും തൊഴിലാളികൾ പ്രതിഷേധ മാർച്ചുകൾ നടത്തിയത്.
വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നൂറുകണക്കിന് തൊഴിലാളികളാണ് സിറ്റി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഫ്രീഡം പാർക്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. ഫ്രീഡം പാർക്കിൽ ഒന്നിച്ചുകൂടി പ്രതിഷേധ യോഗം ചേർന്നു.
ട്രേഡ് യൂണിയൻ നേതാക്കൾ യോഗത്തിൽ സംസാരിച്ചു. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് എ.ഐ.ടി.യു.സി. ബെംഗളൂരു ഭാരഭാവിഹകൾ സർക്കാരുകളോട് ആവശ്യപ്പെട്ടു. പ്രതിഷേധ മാർച്ചിനെ തുടർന്ന് ഫ്രീഡം പാർക്കിനു സമീപത്തെ റോഡുകളിലും ശേഷാദ്രിപുരം റോഡിലും വൻഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
ബെംഗളൂരുവിന് സമീപത്തെ വിവിധ വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാരും പ്രതിഷേധിച്ചു. വ്യവസായ മേഖലകളായ ജിഗനി, ബൊമ്മസാന്ദ്ര, ദൊഡ്ഡബെല്ലാപുര, പീനിയ, വൈറ്റ്ഫീൽഡ്, യെലഹങ്ക, ഹൊസ്കോട്ടെ, ചന്ദാപുര എന്നിവിടങ്ങളിൽ തൊഴിലാളികൾ ബൈക്ക് റാലികൾ നടത്തി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരേ മുദ്രാവാക്യം മുഴക്കിയായിരുന്നു റാലി നടത്തിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.