ബെംഗളൂരു: ദളിത്- പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർ ബാർബർഷോപ്പുകളിൽ വിവേചനം നേരിടുന്നസംഭവങ്ങൾ വർധിക്കുന്നതോടെ സർക്കാർ ഉടമസ്ഥതയിൽ ബാർബർഷോപ്പുകൾ തുടങ്ങാൻ ആലോചന.
സംസ്ഥാനത്തെ ഗ്രാമീണമേഖലകളിൽ അക്രമ സംഭവങ്ങൾ കൂടുന്ന സാഹചര്യത്തിൽ സാമൂഹികക്ഷേമവകുപ്പാണ് ഇതുസംബന്ധിച്ച നിർദേശം മുന്നോട്ടുവെച്ചത്. കൂടുതൽ ചർച്ചകൾക്ക് ശേഷമായിരിക്കും ഇതുസംബന്ധിച്ച അന്തിമതീരുമാനം ഉണ്ടാവുക.
കഴിഞ്ഞദിവസം നഞ്ചൻകോട് ഹല്ലര ഗ്രാമത്തിലെ ബാർബർ പിന്നാക്കവിഭാഗങ്ങളുടെ മുടിമുറിച്ചതുകൊണ്ട് സവർണവിഭാഗങ്ങളുടെ ഭീഷണിയും സാമൂഹിക ബഹിഷ്കരണവും നേരിടുന്നതായി തഹസിൽദാർക്ക് പരാതി നൽകിയിരുന്നു. ഈ സംഭവം ദേശീയതലത്തിലടക്കം ശ്രദ്ധിക്കപ്പെട്ടു.
ബുധാനാഴ്ച ബാഗൽകോട്ടിലെ ഒരു ബാർബർഷോപ്പിൽ പിന്നാക്കവിഭാഗങ്ങളുടെ മുടിമുറിക്കാൻ വിസമ്മതിച്ചതായും വാർത്തകൾ പുറത്തുവന്നിരുന്നു.
ഇത്തരം വിവേചനങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ നേരിട്ട് ബാർബർ ഷോപ്പുകൾ തുടങ്ങുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്നാണ് സാമൂഹിക ക്ഷേമവകുപ്പിന്റെ നിലപാട്. ദക്ഷിണ കർണാടകത്തിലെ ഗ്രാമീണ മേഖലകളിലാണ് ഇത്തരം വിവേചനങ്ങൾ ഏറ്റവുംകൂടുതൽ നിലനിൽക്കുന്നത്.
ദളിത് വിഭാഗത്തിൽപ്പെട്ടവരുടെ ബാർബർ ഷോപ്പുകളിൽ സവർണ വിഭാഗത്തിൽപ്പെട്ടവരും പോകാറില്ല. സവർണ വിഭാഗത്തിൽപ്പെട്ടവർ മറ്റു വിഭാഗങ്ങളുടെ മുടിമുറിച്ചാൽ ഗ്രാമത്തിലെ പൗരപ്രമുഖർക്ക് പിഴയടയ്ക്കേണ്ടിവരുന്ന സാഹചര്യവുമാണ് നിലവിലുള്ളത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.