ബെംഗളൂരു: ബിനീഷ് കോടിയേരിക്കെതിരെ കൂടുതല്‍ കണ്ടെത്തലുകളുമായി ഇഡി കോടതിയില്‍.
ബിനീഷിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത ഡെബിറ്റ് കാർഡ് മുഹമ്മദ് അനൂപും ബിനീഷ് കോടിയേരിയും ഒരുമിച്ച് ഉപയോഗിച്ചതെന്ന് അന്വേഷണ സംഘം കോടതിയെ രേഖാമൂലം അറിയിച്ചു.
കൂടാതെ ബിനീഷ് ഡയറക്ടറായ മൂന്ന് കമ്പനികൾ പ്രവർത്തിച്ചത് വ്യാജ അഡ്രസിലാണെന്നും, ഈ കമ്പനികളുടെ പേരില്‍ കള്ളപ്പണം വെളുപ്പിച്ചോയെന്ന് സംശയിക്കുന്നതായും റിപ്പോർട്ടില്‍ പറയുന്നു. ബിനീഷിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി നാല് ദിവസം കൂടി കോടതി ഇഡി കസ്റ്റഡിയില്‍ വിട്ടു.
ഒമ്പത് ദിവസം തുടർച്ചയായ ചോദ്യം ചെയ്യലിന് ശേഷം ബിനീഷിനെ കോടതിയില്‍ ഹാജരാക്കിയപ്പോൾ ഇഡി സമർപ്പിച്ച റിപ്പോർട്ടിലാണ് നിർണായക വിവരങ്ങൾ ഉള്ളത്.
ബിനീഷിന്റെ നിർദേശമനുരിച്ചാണ് താന്‍ ലഹരി വ്യാപാരം നടത്തിയതെന്ന് മുഹമ്മദ് അനൂപ് സമ്മതിച്ചെന്നും , ബിനീഷ് വലിയ തുക പല അക്കൗണ്ടുകളിലൂടെ അനൂപിന്റെ അക്കൗണ്ടിലേക്ക് കൈമാറിയെന്നും റിപ്പോർട്ടിലുണ്ട്.
ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും കണ്ടെടുത്ത ഡെബിറ്റ് കാർഡ് ബിനീഷും അനൂപും ചേർന്ന് ഉപയോഗിച്ചതാണ്. അനൂപ് ബെംഗളൂരുവില്‍ തുടങ്ങിയ ഹയാത്ത് ഹോട്ടലിന്റെ പേരിലാണ് കാർഡ് എടുത്തത്. ഈ കാർഡുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങൾ ബാങ്കില്‍ നിന്നും ശേഖരിക്കാനുണ്ട്. ബിനീഷിന്റെ വീട്ടില്‍നിന്നും മറ്റ് ഡിജിറ്റല്‍ തെളിവുകളും കണ്ടെടുത്തു, ചില നിർണായക വിവരങ്ങൾ ഈ ഉപകരണത്തില്‍ നിന്നും റിക്കവർ ചെയ്തെടുക്കാനുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു, അതേസമയം, ഡെബിറ്റ് കാർഡ് കോടതിയില്‍ സമർപ്പിക്കവേ കാർഡിന് മുകളില്‍ ബിനീഷിന്റെ ഒപ്പാണുള്ളതെന്ന് ഇന്ന് ഇഡി അഭിഭാഷകന് കോടതിയില്‍ പറഞ്ഞിരുന്നു.
ബിനീഷ് ഡയറക്ടറായി കേരളത്തില്‍ പ്രവർത്തിച്ച മൂന്ന് കമ്പനികളെ കുറിച്ചും ഇഡി റിപ്പോർട്ടില്‍ പരാമർശിക്കുന്നു. ബീകാപിറ്റല്‍ ഫോറക്സ് ട്രേഡിംഗ്, ബീ കാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സർവീസ്, ടോറസ് റെമഡീസ് എന്നീ കമ്പനികൾ വ്യാജ വിലാസത്തിലാണ് പ്രവർത്തിക്കുന്നത്. ഈ കമ്പനികളുടെ അക്കൗണ്ടുകൾ വഴി കള്ളപ്പണം വെളുപ്പിച്ചോയെന്ന് സംശയമുണ്ട്, ഇക്കാര്യം പരിശോധിച്ചു വരികയാണെന്നും ഇഡി കോടതിയെ അറിയിച്ചു.
അതേസമയം ഡെബിറ്റ് കാർഡ് ഇഡി ഉദ്യോഗസ്ഥർ കൊണ്ടുവന്നതാണെന്നും , ബിനീഷിന് ആശുപത്രിയില്‍ ചികിത്സ നല്‍കണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടും അത് അവഗണിച്ച് ഇഡി ഉദ്യോഗസ്ഥന് മെഡിക്കല്‍ റിപ്പോർട്ടില്‍ കൃത്രിമം കാട്ടിയെന്നും ബിനീഷിന്റെ അഭിഭാഷകർ കോടതിയെ അറിയിച്ചു.
എന്നാല്‍ പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഇനിയും ചോദ്യം ചെയ്യണമെന്ന ഇഡിയുടെ ആവശ്യം പരിഗണിച്ച് നാല് ദിവസം കൂടി ബിനീഷിനെ കോടതി ഇഡി കസ്റ്റഡിയില്‍ വിട്ടു. വരുന്ന ബുധനാഴ്ച ബിനീഷിന്റെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും.
ഇ.ഡി കൂടുതല്‍ കസ്റ്റഡി ആവശ്യപ്പെട്ട സാഹചര്യത്തില്‍ നേരത്തെ സമർപ്പിച്ച കസ്റ്റഡി അപേക്ഷ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പിന് വലിച്ചു. ബുധനാഴ്ച വീണ്ടും അപേക്ഷ നല്‍കിയേക്കും
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.