ബെംഗളൂരു: നിലവിലുള്ള പ്രതിസന്ധി മറികടക്കാൻ പേയിംഗ് ഗസ്റ്റ് സ്ഥാപന നടത്തിപ്പുകാർ പുതിയ വാഗ്ദാനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്.
വാടക നിരക്ക് കുത്തനെ കുറച്ചും നാലു മാസത്തേക്ക് വാടകക്കെടുക്കുമ്പോൾ ആകെ വാടകയിൽ 40% കുറവു നൽകാനും തയ്യാറാണെന്ന് പി.ജി.ഉടമകൾ.
നിലവിലുള്ള സ്ഥിതിയനുസരിച്ച് 10 ശതമാനത്തിൽ താഴെ മാത്രം താമസക്കാരുള്ള പി.ജി.കളാണ് അധികവും.പല പി.ജി.കളും പൂർണ്ണമായും നിർത്തിയ നിലയിലുമാണ്.
ജനുവരിയോടെ ഐ.ടി. മേഖലയിലുള്ളവർ നേരിട്ട് ഓഫീസുകളിൽ ജോലിയിൽ പ്രവേശിക്കുന്നതോടെ പി.ജി.കൾ സാധാരണ നിലയിൽ എത്തുമെന്ന പ്രതീക്ഷയിലാണ് ഉടമകൾ.
ജനുവരി വരെയുള്ള പ്രതിസന്ധി തരണം ചെയ്യാനുള്ള മാർഗ്ഗമെന്ന നിലയിലാണ് കുറഞ്ഞ വാടകയിൽ പി.ജികൾ പ്രവർത്തിക്കാനുള്ള തീരുമാനത്തിൽ ഉടമകൾ എത്തിയിരിക്കുന്നത്.
മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരങ്ങൾ സ്വദേശത്തേക്ക് മടങ്ങിയതോടെ വാടകക്കു കൊടുക്കാനുള്ള കെട്ടിടങ്ങളുടെ എണ്ണം വർദ്ധിച്ചു. അതോടെ നഗരത്തിലെ വാടക നിരക്കും കുറഞ്ഞു.
ലോക് ഡൗണിനു മുൻപ് ഒരു ലക്ഷം വരെ സെക്യൂരിറ്റി തുകയും 12000 വാടകയും വാങ്ങിയിരുന്ന കെട്ടിടങ്ങളുടെ വാടക 9000 രൂപയായി കുറഞ്ഞു. സെക്യൂരിറ്റി തുക പകുതിയാവുകയും ചെയ്തു.
കുടുംബമായി താമസിച്ചിരുന്നവർ ചെലവു കുറക്കുന്നതിൻ്റെ ഭാഗമായി കുടുംബങ്ങളെ നാട്ടിലേക്കയച്ച് പി.ജികളിലേക്ക് താമസം മാറ്റിയിട്ടുണ്ട്.
സ്ഥാപനങ്ങൾ പൂർവ്വസ്ഥിതിയിലായാലും കുറച്ചു കാലത്തേക്ക് ചെലവുചുരുക്കുന്ന നടപടികൾ തന്നെ ആയിരിക്കും നഗരത്തിലെത്തുന്നവർ സ്വീകരിക്കുക എന്ന നിഗമനത്തിലാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ.
നഗരത്തിലെ പി.ജികൾ 6000 രൂപ മുതലാണ് വാടക ഈടാക്കുന്നത്.
10000-12000 രൂപ വരെ ഈടാക്കിയിരുന്ന പി. ജികൾ ഇപ്പോൾ 3000 രൂപ മുതൽ 4500 രൂപ വരെ വാടകയിൽ കുറവു വരുത്തിയിട്ടുണ്ട്.
വേതനനിരക്ക് കുറഞ്ഞ സാഹചര്യത്തിൽ ചെലവ് പരമാവധി കുറക്കുക എന്ന ലക്ഷ്യത്തോടെ വരുന്നവർ ഭക്ഷണം കൂടി ലഭിക്കുന്ന പി. ജികൾക്കായിരിക്കും മുൻഗണന കൊടുക്കുക.
ഇതു വരെ ബംഗളൂരുവിൽ സുഹൃത്തുക്കളോടൊപ്പം വീടെടുത്ത് കഴിഞ്ഞിരുന്നവരിൽ ഏറെയും പി.ജികളെ ആശ്രയിക്കാനാണ് സാധ്യത. വാടക കൊടുക്കാൻ വൈകുന്ന സാഹചര്യത്തിൽ ഇറക്കി വിടുമെന്ന് ഭീഷണി മുഴക്കിയിരുന്നവർ
നാട്ടിലെത്തിയ പലരേയും വാടക കുറച്ചു നൽകാമെന്ന വാഗ്ദാനവുമായി ഫോണിൽ ബന്ധപ്പെടുന്ന നിലയിലേക്ക് സാഹചര്യങ്ങൾ എത്തിയിരിക്കുന്നു.