600 വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ നിധി തിരഞ്ഞ് യുവാക്കൾ; ഒരാൾ മരിച്ചു.

ബെംഗളൂരു: ഹൊസ്‌കോട്ട ഹിൻഡിഗാനല ഗ്രാമത്തിലെ സരോവര ആഞ്ജനേയസ്വാമി ക്ഷേത്രത്തിലാണ് സംഭവം.

നിധിയുണ്ടെന്ന് വിശ്വസിച്ച് 600 വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ കുഴിയെടുക്കുമ്പോ, ഒമ്പതംഗസംഘത്തിലെ യുവാവ് കരിങ്കൽത്തൂണുവീണ് മരിച്ചു.

സംഘത്തിലുണ്ടായിരുന്ന സുരേഷ് (23) എന്ന യുവാവാണ് മരിച്ചത്. ഇയാളുടെ കൂട്ടാളികളായ ശ്രീനിവാസ്, മഞ്ജുനാഥ്, സെബാസ്റ്റ്യൻരാജരത്ന എന്നിവർക്ക് കരിങ്കൽപ്പാളികൾ അടർന്നുവീണ് ഗുരുതരമായി പരിക്കേറ്റു.

രാത്രി മൂന്നുമണിയോടെയാണ് ക്ഷേത്രത്തിന്റെ തറ കുഴിക്കുന്നതിനിടെ തൂണുകളും കരിങ്കൽപ്പാളികളും അടർന്നുവീണത്. അപകടം നടന്നതോടെ ആംബുലൻസ് വിളിച്ചശേഷം മറ്റുള്ള അഞ്ചുപേർ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.

സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട അഞ്ചുപേർക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. ആംബുലൻസ് ഡ്രൈവർ എത്തിയപ്പോഴാണ് തകർന്ന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ യുവാക്കൾ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. തുടർന്ന് പോലീസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു.

മൂന്നുമാസംമുമ്പ് ഇതേക്ഷേത്രത്തിൽ കുഴിക്കാനുള്ള ശ്രമം നടത്തിയിരുന്നു. ചില വിഗ്രഹങ്ങൾ മോഷണംപോകുകയും ചെയ്തു. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രമായതിനാൽ ക്ഷേത്രത്തിന്റെ തറയ്ക്കുതാഴെ നിധിയുണ്ടെന്ന് കാലങ്ങളായി ഗ്രാമവാസികൾക്കിടയിൽ പ്രചരിച്ചിരുന്നു.

ഒമ്പതംഗസംഘം ഏറെക്കാലമായി നിധിവേട്ട ലക്ഷ്യമിട്ട് പ്രദേശം നിരീക്ഷിച്ചുവരുകയായിരുന്നെന്നാണ് പോലീസിന്റെ നിഗമനം. മുസരി വകുപ്പിന്റെ കീഴിലുള്ള ക്ഷേത്രമാണിത്. യുവാക്കൾ ക്ഷേത്രത്തിൽ കുഴിയെടുക്കുമ്പോൾ അടിത്തറയിളകിയതോടെ തൂണുകളും കൽപ്പാളികളും താഴേക്ക് പതിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us