ബെംഗളൂരു: കോവിഡ് രോഗികൾക്ക് മണംതിരിച്ചറിയാൻ കഴിയാത്തത് പ്രധാന ലക്ഷണങ്ങളിലൊന്നാണ്. മാളുകളിലും ഓഫീസുകളിലും മറ്റു പൊതുസ്ഥലങ്ങളിലും തെർമൽ സ്കാനറുകൾക്കൊപ്പം മണമറിയാനുള്ള ‘സ്മെൽ കാർഡ്’ ഉപയോഗിച്ചും പരിശോധന വേണമെന്ന് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ നിർദേശം.
പൂക്കളുടെയോ പഴങ്ങളുടെയോ മണമുള്ള കാർഡുകൾ മാളുകളിലും ഓഫീസുകളിലെത്തുന്നവർക്ക് നൽകുകയാണ് പരിശോധനയുടെ ആദ്യപടി. മണം കൃത്യമായി തിരിച്ചറിയുന്നവരെ മാത്രം ഉള്ളിലേക്ക് പ്രവേശിപ്പിക്കും. കുറഞ്ഞചെലവിൽ ഇത്തരം സ്മെൽ കാർഡുകൾ നിർമിച്ചെടുക്കാൻ കഴിയുമെന്നും ചൂണ്ടിക്കാട്ടുന്നു.
‘സ്മെൽ കാർഡ്’ ഉപയോഗിച്ചും പരിശോധന നടത്തണമെന്ന് കഴിഞ്ഞ ദിവസം മേയർ എം. ഗൗതം കുമാർ നിർദേശിച്ചിരുന്നു. ഈയാവശ്യമുന്നയിച്ച് സർക്കാരിന് കത്തുനൽകിയിട്ടുണ്ടെങ്കിലും ഇതുവരെ തീരുമാനങ്ങളൊന്നുമെടുത്തിട്ടില്ല.
മാളുകളിലും പൊതുസ്ഥലങ്ങളിലും സ്മെൽ കാർഡ് പരിശോധനയിൽ പരാജയപ്പെടുന്നവരെ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കാൻ കഴിയുമെന്നും മേയർ പറഞ്ഞു.
രോഗം സ്ഥിരീകരിക്കുന്ന പലർക്കും ശരീരോഷ്മാവിൽ വ്യത്യാസമില്ലെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മണം തിരിച്ചറിയാനുള്ള പരിശോധനകൂടി നടത്തണമെന്ന ആവശ്യമുയരുന്നത്. തെർമൽ സ്കാനർ ഉപയോഗിച്ചുള്ള പരിശോധനയേക്കാൾ കൂടുതൽ ഗുണകരമാണ് ഇത്തരം പരിശോധനയെന്നും അവകാശമുയരുന്നുണ്ട്.
എന്നാൽ ഈ നിർദേശത്തെ എതിർക്കുന്നവരും ഉണ്ട്. മണം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയായ അനോസ്മിക് അനുഭവിക്കുന്ന ഒട്ടേറെപ്പേർ നഗരത്തിലുണ്ട്. ഇവരെ മാളുകളിലും കടകളിലും പൊതുസ്ഥാപനങ്ങളിലും കയറുന്നത് വിലക്കുന്നതിന് തുല്യമാകും ഇത്തരം പരിശോധനകളെന്നാണ് ഇവർ പറയുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.