ബെംഗളൂരു : കോവിഡ് രോഗം വളരെ വേഗത്തിൽ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ നഗരത്തിലെ വിവിധ കോവിഡ് കെയർ കേന്ദ്രങ്ങളിലായി 22,258 കിടക്കകൾ ഒരുക്കിയതായി കോവിഡ് കെയർ കേന്ദ്രങ്ങളുടെ ചുമതലയുള്ള രാജേന്ദർ കുമാർ കഠാരിയ അറിയിച്ചു.
പ്രകടമായ കോവിഡ് ലക്ഷണമില്ലാത്ത രോഗികളെയാണ് കോവിഡ് കെയർ കേന്ദ്രങ്ങളിൽ ചികിത്സിക്കുക.
ബെംഗളൂരു ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിലാണ് രാജ്യത്തെതന്നെ ഏറ്റവും വലിയ കോവിഡ് കെയർ കേന്ദ്രം തയ്യാറാക്കിയിരിക്കുന്നത്. 10,100 കിടക്കകളാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്.
ഹജജ് ഭവനിലെ 384 കിടക്കകളിൽ 352 കിടക്കകളിലും രോഗികളുണ്ട്.
ശ്രീ ശ്രീ രവിശങ്കർ ആയുർവേദ ആശുപത്രിയിലെ 176 ബെഡ്ഡുകളിലും രോഗികളുണ്ട്.
ജി.കെ.വി.കെ. കാമ്പസിലെ 716 കിടക്കകളിൽ 677 ബെഡ്ഡുകളിലും സർക്കാർ ആയുർവേദ കോളേജിലെ 250 ബെഡ്ഡുകളിൽ 216 കിടക്കകളിലും രോഗികളായി.
കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിലെ 245 കിടക്കകളിൽ 25 കിടക്കകളിലാണ് രോഗികളുള്ളത്.
ഹോർട്ടികൾച്ചർ കാമ്പസ് ബോയ്സ് ഹോസ്റ്റലിലെ 200 കിടക്കകളിൽ 11 കിടക്കകളിൽ രോഗികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യു.എച്ച്.എസ്. ഗേൾസ് ഹോസ്റ്റലിൽ 1,960 ബെഡ്ഡുകളുള്ള കോവിഡ് കെയർ കേന്ദ്രം തയ്യാറായിവരുന്നുണ്ട്.
ജ്ഞാനഭാരതി കാമ്പസിൽ 500 ബെഡ്ഡുകളും ജ്ഞാനഭാരതി ഗേൾസ് ഹോസ്റ്റലിൽ 350 കിടക്കകളും ബി.ജി.എസ്. ആശുപത്രിയിൽ 200 കിടക്കകളും ആർ.എൻ. ഷെട്ടി എൻജിനിയറിങ് കോളേജ് ഹോസ്റ്റലിൽ 750 കിടക്കകളും ഒരുക്കിയിട്ടുണ്ട്.
ഇതുകൂടാതെ 8,027 കിടക്കകളുമായി ഏഴു കേന്ദ്രങ്ങൾകൂടി വരുന്നുണ്ട്. പി.ഇ.എസ്. കോളേജ് (110 കിടക്ക), ആർ.വി. കോളേജ് ഓഫ് എൻജിനിയറിങ് (577), ബി.ജി.എസ്. എൻജിനിയറിങ് ഹോസ്റ്റൽ (300), ദയാനന്ദ സാഗർ ഹോസ്റ്റൽ (250), പാലസ് ഗ്രൗണ്ട് (3,000), ബി.ഡി.എ. ഇന്ദ്രപ്രസ്ഥ അപ്പാർട്ട്മെന്റ് (2,000) എന്നിവയാണ് അവ.
ചിന്നസ്വാമി സ്റ്റേഡിയവും കോവിഡ് കെയർ കേന്ദ്രങ്ങമാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് മുൻപ് തന്നെ അറിയിച്ചിട്ടുണ്ട്.
രോഗികളുടെ എണ്ണം ഉയരുന്നതിനാൽ കൂടുതൽ കോവിഡ് കെയർ കേന്ദ്രങ്ങൾ ഒരുക്കാനാണ് സർക്കാർ ശ്രമം തുടരുകയാണ്.