ലോക്ഡൗൺ നിയന്ത്രണം ലംഘിച്ചെന്നാരോപിച്ച് സി.ആർ.പി.എഫ്.കമാൻ്റോയെ കയ്യേറ്റം ചെയ്തതിന് ശേഷം ചങ്ങലക്കിട്ടു;പോലീസുകാർക്കെതിരെ കർശ്ശന നടപടി എടുക്കുമെന്ന് ആഭ്യന്തര മന്ത്രി.

ബെംഗളൂരു: സി.ആർ.പി.എഫ്. കോബ്ര കമാൻഡോയെ പോലീസുകാർ കൈയേറ്റം ചെയ്യുകയും അറസ്റ്റ് ചെയ്ത് കൈവിലങ്ങിടുകയും ചെയ്തു.

ലോക്ഡൗൺ നിയന്ത്രണം ലംഘിച്ചെന്നാരോപിച്ച് ബെലഗാവിയിൽ ആണ് സംഭവം.

സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സി.ആർ.പി.എഫ്. അധികൃതർ കർണാടക പോലീസ് മേധാവിക്ക് കത്തയച്ചു.

23-ന് ബെലഗാവി എക്‌സംബ ഗ്രാമത്തിലായിരുന്നു സംഭവം.

സിവിൽ വേഷത്തിൽ വീടിനു പുറത്തിറങ്ങിയ കമാൻഡോ സച്ചിൻ സാവന്തിനെ ലോക്ഡൗൺ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ കൈയേറ്റം ചെയ്യുകയായിരുന്നു.

കമാൻഡോയും രണ്ടു പോലീസുകാരും തമ്മിൽ വാക്കേറ്റമുണ്ടാകുന്നത് പ്രദേശവാസികളിലൊരാൾ മൊബൈലിൽ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.

സംഭവത്തിനുത്തരവാദികളായ പോലീസുകാർക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

കമാൻഡോയെ അറസ്റ്റ് ചെയ്യുന്നതിനുമുമ്പ് സി.ആർ.പി.എഫിനെ വിശ്വാസത്തിലെടുത്തിരുന്നോയെന്നും സംഭവം ഒഴിവാക്കാവുന്നതായിരുന്നെന്നും ഡി.ജി.പി. പ്രവീൺ സൂദിന് അയച്ച കത്തിൽ സി.ആർ.പി.എഫ്. പറഞ്ഞു. സാവന്തിനെ രൂക്ഷമായി കൈയേറ്റം ചെയ്തെന്നും മോശമായി പെരുമാറിയെന്നും പോലീസ് സ്റ്റേഷനിൽ ചങ്ങലയ്ക്കിട്ടെന്നും കത്തിൽ പറയുന്നു. അവധിക്ക് നാട്ടിലെത്തിയതായിരുന്നു സച്ചിൻ സാവന്ത്. വീടിനു പുറത്ത് ബൈക്ക് കഴുകാൻ വന്നപ്പോഴാണ് തടഞ്ഞതെന്നും സാവന്ത് മുഖാവരണം ധരിച്ചിരുന്നില്ലെന്നുമാണ് സംസ്ഥാന പോലീസ് സി.ആർ.പി.എഫിനെ അറിയിച്ചത്. കമാൻഡോയാണ് പോലീസുകാരുമായി വഴക്കുതുടങ്ങിയതെന്നും പോലീസ് റിപ്പോർട്ടിലുണ്ട്.

എന്നാൽ, പോലീസിന്റെ വാദം തള്ളുകയാണ് സി.ആർ.പി.എഫ്. വീടിനു തൊട്ടടുത്തായതിനാലാണ് കമാൻഡോ മുഖാവരണം ധരിക്കാതിരുന്നതെന്നും വീഡിയോയിൽ പോലീസുകാരുടെ പെരുമാറ്റം മോശമായിരുന്നെന്നും അവർ അയച്ച കത്തിൽ പറയുന്നു. സി.ആർ.പി.എഫ്. മേധാവി എ.പി. മഹേശ്വരിക്കുവേണ്ടി സ്പെഷ്യൽ ഡയറക്ടർ ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥൻ അയച്ച കത്തിൽ, സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്. സാവന്തിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ചയാണ് കോടതി പരിഗണിക്കുന്നത്.

കോബ്ര 207-ാം ബറ്റാലിയനിലുള്ളതാണ് കമാൻഡോ സച്ചിൻ സാവന്ത്. ബിഹാർ, ജാർഖണ്ഡ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ നക്‌സൽവിരുദ്ധ ഓപ്പറേഷനുകൾക്കായാണ് ഇവരെ നിലവിൽ നിയോഗിച്ചിരിക്കുന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us