ബെംഗളൂരു: മെഡിക്കൽ സ്റ്റോറിൽ വിൽപ്പനയ്ക്കെത്തിച്ച 70 വ്യാജ ഇൻഫ്രാറെഡ് തെർമോമീറ്ററുകൾ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തു.
രാജാജി നഗറിലെ മരുന്നുകളും മറ്റ് വൈദ്യോപകരണങ്ങളും വിൽക്കുന്ന കടയിൽനിന്നാണ് എട്ടുലക്ഷം രൂപയോളം വിലയിട്ടിരുന്ന ഉപകരണങ്ങളും 60 ബാറ്ററികളും പിടിച്ചെടുത്തത്.
സംഭവത്തിൽ സ്ഥാപനത്തിന്റെ മാനേജർ കുറുബറഹള്ളി സ്വദേശി എൻ. കേശവനെ (32) പോലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനമുടമ ഒളിവിലാണ്. ശരീരോഷ്മാവ് അളക്കുന്ന ഉപകരണമാണ് തെർമോമീറ്റർ.
രഹസ്യവിവരത്തെത്തുടർന്ന് തെർമോമീറ്റർ വാങ്ങാനെന്ന വ്യാജേനയാണ് പോലീസ് സംഘം സ്ഥാപനത്തിലെത്തിയത്. 13,500 രൂപയ്ക്ക് ഇവ നൽകാമെന്ന് കടയിലുണ്ടായിരുന്നവർ അറിയിക്കുകയായിരുന്നു.
ഉപകരണം കൈമാറുന്നതിനിടെ സമീപത്തുണ്ടായിരുന്ന പോലീസുകാർ പരിശോധനനടത്തി മുഴുവൻ തെർമോമീറ്ററുകളും പിടിച്ചെടുത്തു. 10,000 രൂപ മുതൽ 15,000 രൂപവരെ ഈടാക്കിയാണ് ഇവ വിൽപ്പന നടത്തിയിരുന്നത്. നിർമാതാക്കളുടെ പേരോ വിലവിവരങ്ങളോ ഉപകരണത്തിൽ രേഖപ്പെടുത്തിയിരുന്നില്ല.
ചെന്നൈയിൽ നിന്നാണ് ഇവ എത്തിച്ചതെന്നാണ് പ്രാഥമികവിവരം. നഗരത്തിലെ മറ്റു മെഡിക്കൽ സ്റ്റോറുകളിലോ സ്ഥാപനങ്ങളിലേക്കോ ഇത്തരം എത്തിച്ചിട്ടുണ്ടോ എന്നകാര്യം പോലീസ് പരിശോധിച്ചുവരികയാണ്.
വ്യാജ ഹാൻഡ് സാനിറ്റൈസറുകൾ നിർമിച്ച് വിൽപ്പന നടത്തിവന്നയാൾ അറസ്റ്റിൽ. ശ്രീരാംപുര സ്വദേശി ശിവകുമാറാണ് (46) അറസ്റ്റിലായത്.
താമസസ്ഥലത്തെ പ്രത്യേക മുറിയിൽ വെച്ചായിരുന്നു സാനിറ്റൈസറുകളുടെ നിർമാണം. സംശയം തോന്നിയ സമീപവാസികളാണ് പോലീസിനെ വിവിരമറിയിച്ചത്.
180 ലിറ്റർ ഐസോപ്രൊപൈൽ 10 ലിറ്റർ ഗ്ലിസറിൻ, 100 മി.ലി. ഉൾക്കൊള്ളാവുന്ന 5382 കുപ്പികൾ എന്നിവയും ഇയാളുടെ പക്കൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.