ബെംഗളൂരു : സാമൂഹിക പരിഷ്ക്കർത്താവായ ബസവേശ്വരന്റെ തത്വങ്ങൾ പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത മുസ്ലിം യുവാവ് ദിവാൻ ഷെറീഫ് റഹ്മാൻ സാബ് മുല്ല (33) ഇനി ലിംഗായത്ത് മഠാധിപതി.
അരിമില്ല് നടത്തിവന്നിരുന്ന അദ്ദേഹം ഗദഗ് അസൂതിയിലെ മുരുഗരാജേന്ദ്ര കൊരനേശ്വര ശാന്തിധാമ മഠത്തിന്റെ അധിപതിയായി 26ന് അഭിഷിക്തനാകും.
കഴിഞ്ഞ നവംബറിലാണു ദീക്ഷ സ്വീകരിച്ചത്. മൂലമഠമായ കലബുറഗി കജൂരി കൊറണേശ്വര സൻസ്ഥാന്റെ മഠാധിപതി മുരുക രാജേന്ദ്ര ശിവയോഗിയുടെ അടുത്ത അനുയായിയാണു ദിവാൻ ഷെറീഫിന്റെ പിതാവ്.
ഇവരുടെ കുടുംബ സ്വത്തിൽ നിന്നു 2 ഏക്കർ ഭൂമി നേരത്തേ മഠത്തിന് ഇഷ്ടദാനം നൽകിയിരുന്നു.
വിവാഹിതനും 4 കുട്ടികളുടെ പിതാവുമാണ്
ദിവാൻ ഷെറീഫ്.
ബസവേശ്വരതത്വ പണ്ഡിതനായ അദ്ദേഹം, ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ
പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്.
കർണാടകയിലെ പ്രബല സമുദായമായ ലിംഗായത്തുകൾ 12ാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താവായ ബസവേശ്വരന്റെ അനുയായികളാണ്.
സാർവലൗകികമായ സാമൂഹിക നീതിയിൽ അധിഷ്ഠിതമായ ബസവേശ്വര തത്വപ്രകാരം അനുയായികളെ തിരഞ്ഞ
ടുക്കുമ്പോൾ ജാതിയോ മതമോ നോക്കാറില്ല.
ഇതു തന്നെയാണു കുട്ടിയായിരിക്കുമ്പോഴേ തന്നെ ആകർഷിച്ചതെന്നു ദിവാൻ ഷെറീഫ് പറയുന്നു.