കർണാടക ആർ.ടി.സി. ബസുകൾ ‘സ്മാർട്ട്’ആയി പറക്കുന്നു; ‘ഫാസ്ടാഗ്’ എടുക്കാതെ കേരള ആർ.ടി.സി. ബസുകൾ ടോൾ പ്ലാസകളിൽ കാത്ത് കെട്ടിക്കിടക്കുന്നു

 

ബെംഗളൂരു: കർണാടക ആർ.ടി.സി. ബസുകൾ ‘സ്മാർട്ട്’ആയി പറക്കുന്നു; ‘ഫാസ്ടാഗ്’ എടുക്കാതെ കേരള ആർ.ടി.സി. ബസുകൾ ടോൾ പ്ലാസകളിൽ കാത്ത് കെട്ടിക്കിടക്കുന്നു. കഴിഞ്ഞമാസം ടോൾപിരിവ് തുടങ്ങിയ കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയുൾപ്പെടെ എല്ലാ ടോൾ പാതകൾവഴിയും സർവീസ് നടത്തുന്ന മുഴുവൻ ബസുകളിലും കർണാടക ആർ.ടി.സി. ‘ഫാസ്ടാഗ്’ സംവിധാനം ഏർപ്പെടുത്തിക്കഴിഞ്ഞു.

കോഴിക്കോട്-കൊല്ലഗൽ പാതയിലെ ടോൾ പിരിവ് ആരംഭിച്ചപ്പോൾ എല്ലാ വാഹനങ്ങളെയുംപോലെ കർണാടക ബസുകളും ടോൾ പ്ലാസകളിൽ പണമടച്ച് രശീതി വാങ്ങിയായിരുന്നു യാത്ര. പക്ഷേ, ഒരുമാസംകഴിയുന്നതിനുമുമ്പുതന്നെ അവർ ‘ഫാസ്ടാഗ്’ സംവിധാനത്തിലേക്ക് മാറി.

ഇപ്പോൾ സമയലാഭത്തിനുപുറമേ, അപ്പപ്പോൾ ടോൾ അടയ്ക്കുമ്പോഴുള്ള പ്രയാസം നീങ്ങിയതിന്റെ ആശ്വാസത്തിലുമാണ് ബസ് ജീവനക്കാർ. ടോൾ പാതകളിലെ ബസുകളിൽ ‘ഫാസ്ടാഗ്’ സംവിധാനമേർപ്പെടുത്തുന്നതിന് കർണാടക ആർ.ടി.സി. നേരത്തേതന്നെ നടപടികൾ തുടങ്ങിയിരുന്നു.

പല ബസുകളിലും ഫാസ്ടാഗ് നേരത്തേ പതിപ്പിക്കുകയുംചെയ്തിരുന്നു. ഇത് ബാങ്ക് അക്കൗണ്ട് വഴി ചാർജ് ചെയ്തതോടെയാണ് പ്രവർത്തനം തുടങ്ങിയത്. കോഴിക്കോട്-കൊല്ലഗൽ പാതവഴി വരുന്ന ബസുകൾ ‘ഫാസ്ടാഗി’ലേക്ക് മാറിയിട്ട് മൂന്നാഴ്ചയോളമായി.

ഈ പാതവഴി മൈസൂരുവിലേക്കും ബംഗളൂരുവിലേക്കുമുൾപ്പെടെ കർണാടക ആർ.ടി.സി.യുടെ 15-ഓളം ബസുകൾ സർവീസ് നടത്തുന്നുണ്ട്. അതേസമയം, കർണാടകത്തിന്റെ ഹൈടെക് സംവിധാനത്തിനടുത്തെത്താൻ കേരള ആർ.ടി.സി. ബസുകൾക്ക് ഇനിയുമായിട്ടില്ല.

ദേശീയപാതകളിൽ ഫാസ്ടാഗ് നിർബന്ധമാക്കി കേന്ദ്രസർക്കാരിന്റെ നിർദേശംവന്നതോടെയാണ് നടപടികൾ തുടങ്ങിയത്. കോഴിക്കോട്-കൊല്ലഗൽ ദേശീയപാതവഴി വരുന്ന കേരള ബസുകളിൽ ‘ഫാസ്ടാഗ്’ എന്നു സജ്ജമാകുമെന്ന് ഇപ്പോഴും വ്യക്തമല്ല. കേരളത്തിന്റെ ഒട്ടേറെ ബസുകൾ സർവീസ് നടത്തുന്ന റൂട്ടാണിത്. ഗുണ്ടൽപേട്ടിലും നഞ്ചങ്കോടുമായി രണ്ട് ടോൾ പ്ലാസകളാണ് ഈ പാതയിലുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us