ബെംഗളൂരു :ലിംഗായത്ത് ആത്മീയാചാര്യനായിരുന്ന ശിവകുമാരസ്വാമിക്ക് ആദരവ് അർപ്പിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സിദ്ധഗംഗ മഠം വൻ സ്വീകരണമാണ് നൽകിയത്.
2019 ജനുവരി 21-ന് 111-ാം വയസ്സിലാണ് ശിവകുമാരസ്വാമി സമാധിയായത്. സിദ്ധഗംഗ മഠത്തിലെത്തിയ പ്രധാനമന്ത്രിയെ നെറ്റിയിൽ വിഭൂതിയണിയിച്ചും രുദ്രാക്ഷമാലയണിയിച്ചും പരമ്പരാഗതരീതിയിലാണ് സ്വീകരിച്ചത്. ബെംഗളൂരു എച്ച്.എ.എൽ.
http://bangalorevartha.in/archives/29573
വിമാനത്താവളത്തിൽ വ്യാഴാഴ്ച രാവിലെ പ്രത്യേക വിമാനത്തിലെത്തിയശേഷം ഹെലികോപ്റ്ററിലാണ് തുമകൂരുവിലെത്തിയത്.
മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, കേന്ദ്രമന്ത്രിമാരായ ഡി.വി. സദാനന്ദഗൗഡ, പ്രൾഹാദ് ജോഷി എന്നിവരും ഒപ്പമുണ്ടായിരുന്നു.
മഠത്തിലെ സമാധി സന്ദർശിച്ചശേഷം നടന്ന പ്രത്യേകപൂജയിലും പങ്കെടുത്തു. ശിവകുമാരസ്വാമിയുടെ സ്മരണയ്ക്കായി നിർമിക്കുന്ന മ്യൂസിയത്തിന്റെ ശിലാസ്ഥാപനവും നിർവഹിച്ചു.
തുടർന്നുനടന്ന ചടങ്ങിൽ വിവിധ സ്കൂളുകളിൽനിന്നായി നൂറുകണക്കിന് വിദ്യാർഥികളും പങ്കെടുത്തു.
ഒട്ടേറെപേർക്ക് പ്രചോദനമായ സ്വാമിജിയുടെ മ്യൂസിയത്തിന് തറക്കല്ലിടാൻ കഴിഞ്ഞത് ഭാഗ്യമായി കാണുന്നുവെന്നും പുതുതലമുറയ്ക്ക് പ്രചോദനമാകാൻ മ്യൂസിയത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സമാധിയടഞ്ഞ പേജാവർ മഠാധിപതി വിശ്വേശതീർഥ സ്വാമിയെയും പ്രധാനമന്ത്രി അനുസ്മരിച്ചു. സിദ്ധഗംഗ മഠാധിപതി സിദ്ധലംഗ സ്വാമി പ്രധാനമന്ത്രിക്ക് ശിവകുമാരസ്വാമിയുടെ വെള്ളിയിലുള്ള പ്രതിമ സമ്മാനിച്ചു.
സിദ്ധഗംഗ മഠം സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് കോൺഗ്രസും ജെ.ഡി.എസും രംഗത്തെത്തി. ശിവകുമാരസ്വാമി സമാധിയായപ്പോൾ സിദ്ധഗംഗ മഠത്തിലെത്താൻ പ്രധാനമന്ത്രി തയ്യാറായില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ഭാരതരത്ന നൽകണമെന്നാവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യയും കുമാരസ്വാമിയും കത്തെഴുതിയ കാര്യവും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
ബി.ജെ.പി.യെ പരമ്പരാഗതമായി പിന്തുണയ്ക്കുന്ന ലിംഗായത്ത് സമുദായത്തിന്റെ പ്രധാന മഠമാണ് തുമകൂരുവിലെ ലിംഗായത്ത് മഠം.