ബെംഗളൂരു: ബി.എം.ടി.സി ബസ്സിൽ പോക്കറ്റടി; വിദ്യാർത്ഥിക്ക് വൻ ധനനഷ്ടം!! ഒരു ലക്ഷത്തോളം രൂപയും പ്രധാന രേഖകളും നഷ്ടപ്പെട്ടതായി വിദ്യാർത്ഥിയുടെ പരാതി. കെങ്കേരി സ്വദേശിയായ ബിഎൻ രാഘവേന്ദ്രയാണ്(28) പരാതി നൽകിയത്.
വൈകിട്ട് 6.30 ഓടെ കെങ്കേരി ബസ് സ്റ്റോപ്പിൽ നിന്നാണ് ബസ്സിൽ കയറിയത്. ബസ്സിൽ നല്ല തിരക്കുണ്ടായിരുന്നു. ഇറങ്ങേണ്ട സ്റ്റോപ്പ് എത്തുന്നതിനു മുമ്പ് തന്റെ അക്കൗണ്ടിൽ നിന്ന് 40000 രൂപ പിൻവലിക്കപ്പെട്ടതായി മൊബൈലിൽ മെസേജ് വന്നു. അപ്പോഴാണ് പഴ്സ് നഷ്ടപ്പെട്ട വിവരമറിയുന്നതെന്ന് രാഘവേന്ദ്ര പറയുന്നു.
എടിഎം കാർഡിനുപിന്നിൽ മറന്നുപോകാതിരിക്കാൻ താൻ പാസ്‍വേർഡ് കുറിച്ചുവച്ചിരുന്നുവെന്നും രാഘവേന്ദ്ര കെങ്കേരി പൊലീസിനുനൽകിയ പരാതിയിൽ പറയുന്നു.
പഴ്സിൽ എടിഎം കാർഡിനുപുറമേ 45000 രൂപ വിലവരുന്ന സ്വർണ്ണമാലയും 10000 രൂപയും ഉണ്ടായിരുന്നു. കൂടാതെ ഡ്രൈവിങ് ലൈസൻസ്, ബസ് പാസ്, പാൻ കാർഡ്, കോളേജ് ഐഡി തുടങ്ങിയവയും നഷ്ടപ്പെട്ടവയിൽപ്പെടും.
പഴ്സ് നഷ്ടപ്പെട്ട ഉടൻ തന്നെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കപ്പെട്ടതിനാൽ മോഷ്ടാവ് കുവെമ്പുനഗറിലെ എടിഎമ്മിലായിരിക്കാം കയറിയതെന്നും രാഘവേന്ദ്ര പൊലീസിനെ അറിയിച്ചു. തനിക്ക് ഡെബിറ്റ് കാർഡുകളുൾപ്പെടെ 30 ഓളം ബിസിനസ്സ് കാർഡുകളുള്ളതിനാലാണ് പാസ്‍വേർഡ് കുറിച്ചുവച്ചതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
പണം നഷ്ടപ്പെട്ട ഉടനെ ബാങ്ക് അധികൃതരെ വിളിച്ച് കാർഡ് ബ്ലോക്ക് ചെയ്യിച്ചതായും രാഘവേന്ദ്രപറഞ്ഞു. നഗരത്തിലെ ഒരു സ്വകാര്യ കോളേജിൽ എംഎസ്‍സി വിദ്യാർത്ഥിയാണ് രാഘവേന്ദ്ര.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.