ബെംഗളൂരു: സംസ്ഥാനത്ത് സ്വകാര്യമേഖലയിൽ കന്നഡികർക്ക് മുൻഗണന നൽകാൻ സർക്കാർ വിജ്ഞാപനമിറക്കി. സർക്കാരിൽനിന്ന് ആനുകൂല്യം കൈപ്പറ്റുന്ന വ്യവസായസ്ഥാപനങ്ങൾ 100 ശതമാനം സംവരണംനൽകണമെന്നും ആനുകൂല്യം കൈപ്പറ്റാത്ത സ്ഥാപനങ്ങൾ കന്നഡികർക്ക് മുൻഗണന നൽകണമെന്നുമാണ് നിർദേശമുള്ളത്.
മുൻഗണന നൽകാൻ സ്വകാര്യകമ്പനികൾ തയാറാകുന്നില്ലെങ്കിൽ സർക്കാരിന് ഇടപെടാനാകും. 1961-ലെ കർണാടക ഇൻഡസ്ട്രിയൽ എംപ്ലോയ്‌മെന്റ് നിയമത്തിൽ ഭേദഗതിവരുത്തിയാണ് കന്നഡികർക്ക് മുൻഗണന വേണമെന്ന് വിജ്ഞാപനമിറക്കിയത്. അടുത്തിടെ ആന്ധ്രാപ്രദേശിൽ സ്വകാര്യമേഖലയിലെ ജോലിക്ക് പ്രദേശവാസികൾക്ക് 75 ശതമാനം സംവരണംനൽകാൻ തീരുമാനിച്ചിരുന്നു.
പുതിയ നിയമമനുസരിച്ച് കർണാടകയിൽ 15 വർഷത്തിൽ കുറയാതെ താമസിക്കുന്ന, കന്നഡ എഴുതാനും വായിക്കാനും സംസാരിക്കാനും അറിയുന്നവർക്ക് സ്വകാര്യവ്യവസായസ്ഥാപനങ്ങളിലും ഫാക്ടറികളിലും ഗുമസ്തജോലിക്ക് അപേക്ഷിക്കാം. 1986-ൽ സമർപ്പിച്ച സരോജിനി മഹിർഷി കമ്മിറ്റി റിപ്പോർട്ടിൽ എല്ലാ മേഖലകളിലെ ജോലികളിലും കന്നഡികർക്ക് മുൻഗണന നൽകണമെന്ന് നിർദേശിച്ചിരുന്നു.
എന്നാൽ, തുടർന്നുവന്ന സർക്കാരുകൾ ഇത് നടപ്പാക്കിയില്ല. 2013-ൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായപ്പോൾ 100 ശതമാനം സംവരണം നിർദേശിച്ചിരുന്നെങ്കിലും നടപ്പാക്കാനായില്ല. പിന്നീട് വന്ന കോൺഗ്രസ് – ജെ.ഡി.എസ്. സർക്കാരും നടപ്പാക്കിയില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.