ബെംഗളൂരു: മുന് മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യക്കും എച്ച്. ഡി. കുമാരസ്വാമിയ്ക്കുമെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു.
ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനെതിരെ സംഘടിപ്പിച്ച പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് കേസ്. കോടതി നിർദേശ പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
അപകീർത്തിപ്പെടുത്തിയെന്ന കുറ്റവും ഇരുവർക്കുമെതിരെ ചുമത്തിയിട്ടുണ്ട്. രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, രാജ്യത്തിനെതിരെ യുദ്ധത്തിന് ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
മുൻ ഉപമുഖ്യമന്ത്രി ജി.പരമേശ്വര, പിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു, മുൻ മന്ത്രി ഡി.കെ ശിവകുമാർ തുടങ്ങി 23 രാഷ്ട്രീയ പാർട്ടി നേതാക്കൾക്കും മുൻ ബെംഗളൂരു പോലീസ് കമ്മീഷണർ ടി.സുനീൽകുമാറടക്കം ഒമ്പത് പോലീസ് ഉദ്യോഗസ്ഥർക്കുമെതിരെ ഇതേ പരാതിയിൽ കേസെടുത്തിട്ടുണ്ട്.
പൊതുപ്രവർത്തകൻ എന്നവകാശപ്പെടുന്ന എ.മല്ലികാർജുൻ എന്നയാളാണ് കേസിനാസ്പദമായ പരാതി നൽകിയത്. ബെംഗളൂരു സി.സി.എച്ച് കോടതിയുടെ നിർദേശത്തെ തുടർന്ന് കൊമേഴ്സ്യൽ സ്ട്രീറ്റ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബെംഗളൂരുവിലെ ആദായ നികുതി വകുപ്പ് ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം നടത്തിയത്.
ആദായ നികുതി വകുപ്പ് ബിജെപിയുടെ ഏജന്റാണെന്ന തെറ്റായ ആരോപണം ഉന്നയിച്ചു. ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിച്ചു തുടങ്ങിയ കാര്യങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.
രാജ്യദ്രോഹ കുറ്റങ്ങൾ നടക്കുന്നത് കണ്ടിട്ടും ബെംഗളൂരു പോലീസ് കമ്മീഷണറും മറ്റു ഉദ്യോഗസ്ഥരും ഇടപെട്ടില്ലെന്ന പരാതിയിലാണ് പോലീസുകാർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.