ഹുളിമാവു തടാകത്തിന്റെ ബണ്ട് തകർന്ന സംഭവം: ബി.ഡി.എ. കരാറുകാരനെതിരെ കേസെടുത്തു

ബെംഗളൂരു: ബി.ടി.എം. ലേഔട്ടിന് സമീപത്തെ ഹുളിമാവു തടാകത്തിന്റെ സംരക്ഷണഭിത്തി തകർന്ന് വെള്ളം ജനവാസമേഖലകളിലേക്ക് ഒഴുകിയ സംഭവത്തിൽ ബെംഗളൂരു വികസന അതോറിറ്റി (ബി.ഡി.എ.) കരാറുകാരൻ കാർത്തിക്കിനെതിരേ ഹുളിമാവ് പോലീസ് കേസെടുത്തു.

സ്ഥലം കൗൺസിലർ പരാതി നൽകിയതിനെ തുടർന്നാണ് കേസെടുത്തത്. ഭിത്തി തകർന്നതോടെ മലവെള്ളപ്പാച്ചിൽപോലെ വെള്ളം ദിശമാറി സമീപത്തെ വീടുകളിലേക്ക് ഒഴുകിയെത്തുകയായിരുന്നു. വീടുകളിലേക്ക് അപ്രതീക്ഷിതമായി വെള്ളം കുത്തിയൊഴുകി എത്തിയതോടെ സാധനങ്ങൾപോലും മാറ്റാൻകഴിയാതെ ജനം കുഴങ്ങി.

പുസ്തകങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവയെല്ലാം നശിച്ചു. വെള്ളം കയറിയ വീടുകളിലുള്ളവരെ ഹുളിമാവ് ഹയർ പ്രൈമറി സ്കൂളിലും ബാഡ്മിന്റൺ കോർട്ടിലേക്കും മാറ്റി. ബൃഹദ്‌ ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) കമ്മിഷണർ ബി.എച്ച്. അനിൽകുമാർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

വെള്ളം പുറത്തേക്കുവരുന്നത് തടയാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും നഷ്ടങ്ങളുടെ കണക്കെടുക്കുമെന്നും ബി.ബി.എം.പി. മേയർ ഗൗതംകുമാർ അറിയിച്ചു. മണ്ണിട്ട് താത്കാലിക സംരക്ഷണഭിത്തി ഒരുക്കുന്ന പ്രവൃത്തി ഞായറാഴ്ച രാത്രിയോടെ പൂർത്തിയായി.

ബെംഗളൂരു വികസന അതോറിറ്റിയാണ് നവീകരണം നടത്തുന്നത്. പത്തുവർഷംമുമ്പും സമാനമായരീതിയിൽ ഹുളിമാവ് തടാകത്തിന്റെ സംരക്ഷണഭിത്തി തകർന്ന് വെള്ളം വീടുകളിലേക്ക് കുത്തിയൊഴുകിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us